Skip to main content

രണ്ട് കോടി രൂപയുടെ ഭരണാനുമതി പുന്നയൂര്‍ക്കുളം അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാകും

വാടക കെട്ടിടത്തിൽ നിന്നും സ്വന്തമായ കെട്ടിടത്തിലേക്ക് മാറിയതിന് പിന്നാലെ പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാവുകയാണ്. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂളിന് രണ്ട് കോടി രൂപയുടെ ഭരണാനുമതി കൂടി ലഭിച്ചതായി എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. മുകള്‍ നിലയിലെ ക്ലാസ്സ് റൂം, പാചകപ്പുര, ചുറ്റുമതില്‍, യാര്‍ഡ് ടൈലിംഗ്, കവാടം തുടങ്ങിയവക്കാണ് രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. 

 

165 വർഷം പഴക്കമുള്ള സ്കൂൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിട്ടു നൽകേണ്ടി വന്നതിന് പിന്നാലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് പുതിയേടത്ത് സോമൻ എന്നയാൾ സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലവും പഞ്ചായത്ത് വാങ്ങിയ 32 സെന്റ് സ്ഥലവും ചേർത്ത് 52 സെന്റ് സ്ഥലം ലഭിക്കുകയും ആദ്യഘട്ടത്തിൽ എംഎൽഎ ഫണ്ടിൽ നിന്നും 99.5 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടും നാഷണൽ റർബൺ മിഷന്റെ ഫണ്ടും ചേർത്ത് 82.8 ലക്ഷം രൂപയും സംയുക്തമായി വിനിയോഗിച്ച് കെട്ടിടം പണിയുകയും ചെയ്തു. ഈ അദ്ധ്യയന വര്‍ഷം മുതല്‍ സ്വന്തമായ പുതിയ കെട്ടിടത്തിലാണ് അണ്ടത്തോട് സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 5,756 ചതുരശ്ര അടിയിൽ ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം, കിച്ചണ്‍ എന്നിവയാണ് നിലവിൽ സജ്ജീകരിച്ചിരിക്കുന്നത്.

 

മുകള്‍ നിലയില്‍ നാല് ക്ലാസ്സ് റൂമുകള്‍ നിര്‍മ്മിക്കുന്നതിന് ഇതിനോടകം തന്നെ വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപക്ക് ഭരണാനുമതി ലഭിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് കോടി രൂപ കൂടി ഭരണാനുമതിയായതോടെ സ്ക്കൂളിന്റെ എല്ലാ ഭൗതിക സാഹചര്യങ്ങള്‍ക്കുമുള്ള ഫണ്ട് ലഭിച്ചിരിക്കുകയാണ്. ഈ ഒരു പ്രൈമറി വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യത്തിനായി ഈ സര്‍ക്കാര്‍ അനുവദിച്ചത് 4.75 കോടി രൂപയാണ്. ഇതോടെ ആധുനിക നിലവാരത്തിലുള്ള സ്ക്കൂളായി തീരദേശ മേഖലയിലെ അണ്ടത്തോട് ജി.എം.എല്‍.പി സ്ക്കൂള്‍ മാറുകയാണ്.

date