Skip to main content

കര്‍ക്കിടകവാവ്; ബലിതര്‍പ്പണത്തിന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍

കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ജില്ലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. അധികസുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കൊല്ലം സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാരയുടെ അധ്യക്ഷതയില്‍ താലൂക്ക്തല യോഗം ചേര്‍ന്നു. തിരുമുല്ലവാരം, മുണ്ടക്കല്‍ പാപനാശം ക്ഷേത്രങ്ങളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. സി സി ടി വി സംവിധാനങ്ങളും സജ്ജമാക്കും. തിരുമുല്ലവാരം ക്ഷേത്രത്തിന് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടുതല്‍ പൂജാരികളെയും നിയോഗിക്കും.
തിരുമുല്ലവാരം ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ക്ഷേത്രവും കടല്‍ത്തീരത്തെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 80 പേരെ അധികമായി നിയോഗിച്ചു. ചടങ്ങുകളില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കണം. മുണ്ടക്കല്‍ പാപനാശത്തേക്ക് ദിശാ സൂചിക ബോര്‍ഡുകള്‍, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ കോര്‍പ്പറേഷനും വൈദ്യുതി വകുപ്പും ചേര്‍ന്ന് സ്ഥാപിക്കും. കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെയും സജ്ജരാക്കും. വാഹന പാര്‍ക്കിങ്ങിന് ബീച്ചിലും ക്ഷേത്ര പരിസരത്തും സൗകര്യം ഒരുക്കും. തിരുമുല്ലവാരത്ത് സ്‌കൂബ, ആപത് മിത്ര സംഘങ്ങളുടെ സേവനം ഉറപ്പാക്കും. അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരെ നിയോഗിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ത്വരിതപ്പെടുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. കുണ്ടറ-അഞ്ചാലുംമൂട് പാതയില്‍ അധിക സര്‍വീസുകള്‍ ഉണ്ടാകും. ജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് വൃക്ഷതൈ നല്‍കാന്‍ മുണ്ടക്കല്‍ പാപനാശം ക്ഷേത്രത്തില്‍ കൃഷി വകുപ്പിന്റെ പ്രത്യേക സ്റ്റാള്‍ ഒരുക്കും.
കൊല്ലം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ജി വിനോദ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date