താന്നി കായലില്‍ കരിമീന്‍, പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
താന്നി കായലില്‍ 'മത്സ്യവിത്ത് നിക്ഷേപത്തിലൂടെ മല്‍സ്യസമ്പത്ത് വര്‍ദ്ധനവ്' പദ്ധതിക്ക് തുടക്കമായി. നാടന്‍ മത്സ്യ ഇനമായ കരിമീനിന്റെ 62,500 വിത്തുകളും പൂമീനിന്റെ 55,000 വിത്തുകളും കായലില്‍ നിക്ഷേപിച്ച് എം.നൗഷാദ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദായോജന-ക്ലൈമറ്റ് റെസിലിയന്റ് കോസ്റ്റല്‍ ഫിഷര്‍മെന്‍ വില്ലേജ് പദ്ധതിയുടെ ഭാഗമാണിത്. തീരദേശമത്സ്യബന്ധനഗ്രാമങ്ങളില് താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുസ്ഥിരമായ ഉപജീവനമാര്‍ഗവും സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ആറ് മത്സ്യഗ്രാമങ്ങളില്‍ ഒന്നാണ് ജില്ലയിലെ ഇരവിപുരം സൗത്ത് മത്സ്യഗ്രാമം. മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും, മത്സ്യത്തൊഴിലാളികള്‍ക്ക് സുസ്ഥിരമായ സാമ്പത്തിക, ഉപജീവന അവസരങ്ങള്‍ സൃഷ്ടിക്കുവാനുമായി രണ്ട് കോടി രൂപയുടെ പദ്ധതിയാണിത്.
ഇരവിപുരം തെക്കുംഭാഗം ഡിവിഷന് കൗണ്‍സിലര്‍ സുനില്‍ ജോസ് അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്. രമേഷ് ശശിധരന്, കെ.എസ്.സി.എ.ഡി.സി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.ജി ഷിലു, പരവൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ചിഞ്ചുമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments