Skip to main content

വെളിച്ചെണ്ണ വില വർധയിൽ ഇടപെട്ട് സംസ്ഥാന സർക്കാർ; വില കുറക്കാമെന്ന് സമ്മതിച്ച് വ്യവസായികൾ

 

 

 

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിൽ കുറവ് വരുത്തുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 

 

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകുകയായിരുന്നു. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരു പോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.

 

ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കം. ഇത് വഴി വിപണിയിലെ വില കുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോയിൽ നിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും കർശനം നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. വെളിച്ചെണ്ണയിൽ കേരളത്തിൻറെ ഉല്പാദന ശക്തിപ്പെടുത്താൻ വ്യവസായി വകുപ്പ് തന്നെ കുറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 13 കമ്പനികൾക്ക് നന്മയെന്ന കേരള ബ്രാൻഡ് നൽകിയിട്ടുണ്ട്. കേരളത്തിൽ ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

വില വർധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ യോഗം വിളിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അറുപതോളം വ്യവസായികളായിരുന്നു പങ്കെടുത്തിരുന്നത്. സപ്ലൈക്കോക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്ന വ്യവസായികൾക്ക് 15 ദിവസത്തിനകം തുക നൽകുമെന്ന് മന്ത്രിമാർ ഉറപ്പു നൽകി.

 

പലവിധത്തിലുള്ള അധിക ചെലവുകൾ ഒഴിവാക്കി ജനങ്ങളെ സഹായിക്കുക എന്ന നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. വെളിച്ചെണ്ണയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കും. കേരഫെഡ് ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുമായും ചർച്ച നടത്തുമെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.

 

എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) പി വിഷ്ണുരാജ്, സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു.

date