Skip to main content
PRD Seminar

പ്രതിരോധമരുന്നുകള്‍ പൗരാവകാശമാണെന്ന അവബോധം വളരണം: ഡോ. പിഷാരടി

കൊച്ചി: പ്രതിരോധമരുന്നുകള്‍ക്കെതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചരണങ്ങളില്‍ കുടുങ്ങാതെ അവ അവകാശമാണന്ന തിരിച്ചറിവാണ് സമൂഹത്തിലുണ്ടാകേണ്ടതെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മുന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. പി.എന്‍.എന്‍. പിഷാരടി പറഞ്ഞു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടനിടയില്‍ ആരോഗ്യ ചികിത്സാരംഗത്തുണ്ടായ മുന്നേറ്റങ്ങളെ തമസ്‌കരിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വഴിപ്പെടുന്നത് ഗുരുതരമായ തിരിച്ചടികള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധമരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകത സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധിനഗറില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന നിരവധി രോഗങ്ങള്‍ക്കുള്ള പ്രതിരോധമരുന്നുകള്‍ നിലവില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിലക്കൂടുതലാണ് ഈ വാക്‌സിനുകള്‍ വ്യാപകമായി പ്രയോജനപ്പെടുത്തുന്നതിന് തടസം നില്‍ക്കുന്നത്. ഈ പ്രതിസന്ധി അതിജീവിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കാന്‍ സാമൂഹ്യ - രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം. ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പ്രതിരോധമരുന്നുകള്‍ക്ക് കഴിയും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മരുന്നുകള്‍ക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ കരുതിയിരിക്കണമെന്നും ഡോ. പിഷാരടി പറഞ്ഞു.
കൊച്ചി നഗരസഭ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍ ഡോ. പൂര്‍ണിമ നാരായണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവരും പ്രസംഗിച്ചു.

date