Skip to main content
ഭാര്യയ്ക്കായി കലംങ്കാരി സാരി തിരഞ്ഞെടുക്കുന്ന അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ.

പഴമയുടെ പുതുമയില്‍ ഖാദി ഓണം മേള ജ്യോതിക്കായി കലംങ്കാരി സാരി വാങ്ങി പ്രമോദ് നാരായണ്‍ എംഎല്‍എ

ഖാദിയുടെ വ്യത്യസ്ത ഡിസൈനിലുള്ള കലംങ്കാരി സാരി ഭാര്യ ജ്യോതിക്കായി വാങ്ങി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. നിറക്കൂട്ടുകളെ കോര്‍ത്തിണക്കിയ പ്രകൃതിദത്ത ചായം കൊണ്ട് വ്യത്യസ്ത വരകളും ചിത്രങ്ങളുമടങ്ങിയ മജന്ത നിറത്തിലുള്ള കലംങ്കാരി സാരി 'ഓണം ഖാദിമേള'യുടെ ഔട്ട്ലെറ്റില്‍ നിന്നാണ് എംഎല്‍എ വാങ്ങിയത്.  ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടകനായി റാന്നി ചെത്തോങ്കരിയില്‍ എത്തിയ എംഎല്‍എ കലംങ്കാരി സാരിയില്‍ ആകൃഷ്ടനാവുകയായിരുന്നു.

നിറവൈവിധ്യങ്ങളാലും ഡിസൈനുകളാലും ശ്രദ്ധേയമായ ഖാദി വസ്ത്രങ്ങളുടെ ശേഖരമാണ് ജില്ലയിലെ നാല് ഗ്രാമസൗഭാഗ്യ ഔട്ട്‌ലെറ്റുകളില്‍ വില്‍പനയ്ക്കുള്ളത്. ഉല്‍പന്നങ്ങളുടെ ഗുണമേന്മയും മനോഹാരിതയും അടുത്തറിഞ്ഞ് ഖാദി പ്രേമികള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണ്. പ്രകൃതിയോട് ഇണങ്ങിയതും ഗുണമേന്മയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതുമായ ഖാദി ഉല്‍പ്പന്നങ്ങളാല്‍ സമൃദ്ധമാണ് ഗ്രാമസൗഭാഗ്യ കേന്ദ്രങ്ങള്‍.
ഖാദി സില്‍ക്ക്സ്, പ്രിന്റഡ്, ഖാദി കോട്ടണ്‍, കലംങ്കാരി സാരികള്‍ തുടങ്ങിയവ പച്ച, മഞ്ഞ, ചുവപ്പ്, നീല തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പ്, തോര്‍ത്ത്, മുണ്ട്, ടവല്‍, പഞ്ഞി കിടക്ക, തലയിണ, തലയിണ കവര്‍, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ് തുടങ്ങിയവയും വാങ്ങാം.

ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം ഇളവും ആകര്‍ഷകമായ സമ്മാനങ്ങളുമുണ്ട്. ഓരോ 1,000 രൂപ പര്‍ച്ചേസിനും സമ്മാന കൂപ്പണ്‍ നല്‍കും. ഇലക്ട്രിക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍. കൂടാതെ ആഴ്ച തോറും നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും നല്‍കും.

ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ ഇലന്തൂര്‍, അടൂര്‍, പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളില്‍ നടക്കുന്ന മേള സെപ്റ്റംബര്‍ നാലിന് അവസാനിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ പര്‍ച്ചേസിന് പലിശ രഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. വിവരങ്ങള്‍ക്ക് ഇലന്തൂര്‍ 8113870434, പത്തനംതിട്ട 9744259922, റാന്നി 7907368514, അടൂര്‍ 9061210135.
 

date