Skip to main content

കടല്‍ക്ഷോഭം : അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംവിധാനങ്ങള്‍ ഒരുക്കി ആരോഗ്യവകുപ്പ്

 

 

 

കൊച്ചി: ചുഴലിക്കാറ്റും കടല്‍ക്ഷോഭവും മൂലംമുള്ള  അടിയന്തിര സാഹചര്യങ്ങള്‍ നേരിടുവാന്‍, ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശാനുസരണം ജില്ലയില്‍ നടപടികള്‍ സ്വീകരിച്ചു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന അഡിഷണല്‍ ഡി.എം.ഒ ഡോ. ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ . വിദ്യ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ തീരദേശ മേഖലകളിലെ ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും  സന്ദര്‍ശിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. . എടവനക്കാട് ഗവ. യു. പി.എസ്, ദേവീവിലാസം യു.പി.എസ്, വെളിയത്താംപറമ്പ്, ഫിഷറീസ് സ്‌കൂള്‍, ഞാറക്കല്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍  മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം സേവനം നല്‍കി വരുന്നു. ചെല്ലാനം പഞ്ചായത്തിലെ സെന്റ് മേരീസ് ഹൈസ്‌കൂള്‍, പുത്തന്‍തോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുത്തന്‍തോട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സേവനം നല്‍കുന്നുണ്ട്. രാത്രിയിലും ആരോഗ്യപ്രവര്‍ത്തകരുടെ സേവനവും, ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ആംബുലന്‍സ്, മരുന്നുകള്‍ എന്നിവ ഉറപ്പ് വരുത്തിയിട്ടുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാരെയും തീരദേശ മേഖലകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. 

 

 ദുരിതബാധിതര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുവാന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി. ഏത് സാഹചര്യവും നേരിടുവാന്‍ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ചു.  ആശുപത്രി സൂപ്രണ്ടിന്റെയും ആര്‍. എം. ഒ  നേതൃത്വത്തില്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തി.  പറവൂര്‍ താലുക്ക് ആശുപത്രി, ഫോര്‍ട്ട്‌കൊച്ചി താലൂക് ആശുപത്രി എന്നിവിടങ്ങളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.  ഇത് വരെ ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ ഒരാളെയും, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആറു പേരെയും കടല്‍ ക്ഷോഭത്തില്‍ നിന്നും രക്ഷപ്പെടുത്തി ചികിത്സാക്കെത്തിച്ചിട്ടുണ്ട്. അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്ട്രോള്‍ റൂം തുറന്നു. നമ്പര്‍

0484 2360802

 

 

 

 

date