Skip to main content

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സുസജ്ജം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ * ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് മന്ത്രിയുടെ പ്രത്യേക അഭിനന്ദനം

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ടവര്‍ക്ക് എല്ലാവിധ വൈദ്യസഹായങ്ങളും നല്‍കി വരുന്നതായും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കടലില്‍ നിന്നും രക്ഷപ്പെടുത്തി കരയിലേക്കെത്തിക്കുന്നവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ആരോഗ്യവകുപ്പു ജീവനക്കാരുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തം വളരം വലുതായിരുന്നു. സംസ്ഥാനത്ത് ഇത്രയും മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയ ആരോഗ്യവകുപ്പിനും ഐ.എം.എ ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. 

മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നത്. ആരോഗ്യവകുപ്പ് ഓഫീസില്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലേയും ഡി.എം.ഒ മാര്‍ക്ക് ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള നിര്‍ദ്ദേശം മന്ത്രി നല്‍കിയിട്ടുണ്ട്. ജില്ലകളിലെ ഡി.എം.ഒ മാരുടേയും എന്‍.എച്ച്.എം ജില്ലാപ്രോഗ്രാം മാനേജര്‍മാരുടേയും നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട നടപടികള്‍ കൈക്കൊണ്ടു വരികയാണ്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി ആംബുലന്‍സുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കൂടാതെ 24 മണിക്കൂറും മെഡിക്കല്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. വിഴിഞ്ഞം , ശംഖുമുഖം എന്നിവിടങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രധാനമായും കടല്‍ക്ഷോഭത്തില്‍ ഇരയായവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 41 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജനറല്‍ ആശുപത്രിയില്‍ 47 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിലെ മൂന്നും നാലും  വാര്‍ഡുകള്‍ ഇതിനായി മാറ്റിയിട്ടുണ്ടെന്നും കൂടാതെ രോഗികള്‍ക്ക് ആഹാരവും വസ്ത്രങ്ങളുമെല്ലാം സൗജന്യമായി നല്‍കുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തെ ഫോര്‍ട്ട് ആശുപത്രിയിലും 30 കിടക്കകള്‍ അടിയന്തരസാഹചര്യം നേരിടാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഇപ്പോള്‍ അഞ്ചു പേര്‍ ചികിത്സയിലാണ്. ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ടീം ഇവിടത്തെ രോഗികളെ സന്ദര്‍ശിച്ച് വിദഗ്ധചികിത്സ നല്‍കി വരുന്നുണ്ട്. കൊല്ലം, ആലപ്പുഴ, മലപ്പുറം, എറണാകുളം  ജില്ലകളില്‍ പ്രത്യേക മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ ഡി.എം.ഒ, ഡി.പി.എം മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കൊല്ലം ജില്ലയില്‍ രണ്ടു പേര്‍ നീണ്ടകര താലൂക്ക് ആശുപത്രിയിലും 31 പേര്‍ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ആലപ്പുഴ ജില്ലയിലെ റിലീഫ് ക്യാമ്പില്‍ 88 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.  അവര്‍ക്കുവേണ്ട അടിയന്തര ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 313 പേരെയും മലപ്പുറത്ത് 180 പേരെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ട എല്ലാ വൈദ്യസഹായങ്ങളും നല്‍കുന്നതിന് മന്ത്രി ആരോഗ്യവകുപ്പു ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാന്‍ അവശ്യനടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. 

ആരോഗ്യവകുപ്പിന്റെ ഈ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലരീതിയിലുള്ള പ്രതികരണമാണ് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വിവിധ സന്നദ്ധ സംഘടനകളുടേ ഭാഗത്തുനിന്നും ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് അടിയന്തര സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ നിയോഗിച്ചിട്ടുള്ള ദ്രുതകര്‍മ്മ സേനയുടെ നിര്‍ദ്ദേശങ്ങളും ക്യാമ്പുകളില്‍ മാറ്റിപ്പാര്‍ച്ചിട്ടുള്ളവര്‍ക്ക് ആരോഗ്യവകുപ്പു ജീവനക്കാര്‍ നല്‍കുന്ന ആരോഗ്യ സംബന്ധിയായ നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കൃത്യമായും പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

പി.എന്‍.എക്‌സ്.5147/17  

date