Skip to main content

ശബരിമല റോഡ് വികസനത്തിന് പ്രത്യേക പരിഗണന:മന്ത്രി മുഹമ്മദ് റിയാസ്, 10 കോടി രൂപ ചെലവഴിച്ച് ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന റാന്നി വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

ശബരിമല തീര്‍ഥാടന റോഡുകളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന റാന്നി വലിയകാവ് റിസര്‍വ് റോഡിന്റെ നിര്‍മാണോദ്ഘാടനം പുള്ളോലി ജംഗ്ഷനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

ശബരിമല റോഡുകളുടെ വികസനത്തിന് ഏറ്റവുമധികം തുക അനുവദിച്ച സര്‍ക്കാരാണിത്. ശബരിമല തീര്‍ഥാടന റോഡ് നവീകരണ പദ്ധതിയിലുള്‍പ്പെടുത്തി 10 കോടി രൂപ അനുവദിച്ച് ആധുനിക നിലവാരത്തിലാണ് നിലവാരത്തിലാണ് 
വലിയകാവ് റിസര്‍വ് റോഡിന്റെ നവീകരണം. പത്തനംതിട്ട, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പാത പൊതുജനങ്ങള്‍ക്കും തീര്‍ഥാടകര്‍ക്കും സഹായകമാണ്. റാന്നി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് സംസ്ഥാനത്തുള്ളത്. പൊതുമരാമത്തിന് കീഴിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിലുയര്‍ത്തി. 13,402 കോടി 64 ലക്ഷം രൂപയാണ് ബിഎംബിസിക്കായി മാത്രം ചെലവഴിച്ചത്. 2,700 കിലോമീറ്റര്‍ ബിസി ഓവര്‍ലേ ചെയ്തു. 1,300 കിലോമീറ്റര്‍ ചിപ്പിംഗ് കാര്‍പ്പറ്റിംഗ് നവീകരിച്ചു. ഒമ്പത് വര്‍ഷം കൊണ്ട് റാന്നി നിയോജകമണ്ഡലത്തിന്റെ മുഖഛായ മാറിയതായും മന്ത്രി പറഞ്ഞു. 

റാന്നിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നാണ്  വലിയകാവ് റിസർവ് റോഡിൻറെ ആധുനിക നിലവാരത്തിലുള്ള നവീകരണമെന്ന് അധ്യക്ഷനായ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ജനുവരിയോടെ നിർമ്മാണം പൂർത്തീകരിക്കും.  നിരവധി വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ പുരോഗമിക്കുന്നത്. റാന്നി നഴ്സിംഗ് കോളജിന് പ്രാഥമിക അനുമതി ലഭിച്ചതായും എംഎൽഎ പറഞ്ഞു.  

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ ആന്‍ഡ്രൂസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജേക്കബ് സ്റ്റീഫന്‍, അംഗം എം.എസ് സുജ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കുഞ്ഞുമറിയാമ്മ, ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date