Skip to main content
പ്ലാപ്പള്ളി റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് ശിലാഫലകം പ്രമോദ് നാരായണ്‍ എംഎല്‍എ അനാച്ഛാദനം ചെയ്യുന്നു

പ്ലാപ്പള്ളി റോഡ് വികസനം ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായകരം : മന്ത്രി പി. എ. മുഹമ്മദ് റിയാസ് 

പ്ലാപ്പള്ളി - തുലാപ്പള്ളി - മൂക്കന്‍ പെട്ടി - പമ്പാവാലി റോഡ് വികസനം ശബരിമല തീര്‍ത്ഥാടകര്‍ക്ക്  ഏറെ സഹായകരമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.  ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി  നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.5 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.  
എരുമേലിയില്‍ നിന്നുള്ള   തീര്‍ത്ഥാടകര്‍ക്ക് ഇതിലൂടെ സുഗമമായി എത്തിച്ചേരാന്‍ സാധിക്കും.  ഗവിയിലേക്കും വിനോദസഞ്ചാരികള്‍ക്ക് അനായാസം യാത്ര സാധ്യമാകും. ബിഎം ബിസി നിലവാരത്തില്‍ നിശ്ചയിച്ചതിലും നേരത്തെ നിര്‍മാണം പൂര്‍ത്തിയാക്കി.  ശബരിമല റോഡ് നവീകരണത്തിന് സര്‍ക്കാര്‍ മുഖ്യപരിഗണന  നല്‍കുന്നു.  ഒമ്പത് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് പശ്ചാത്തല വികസനത്തില്‍ വലിയ കുതിപ്പുണ്ടായി.   30,000 കിലോമീറ്റര്‍ പൊതുമരാമത്ത്  റോഡുകളില്‍ 60 ശതമാനവും  ബിഎംബിസി നിലവാരത്തിലുയര്‍ത്തി. വികസന പദ്ധതികള്‍ നടപ്പാക്കി ജനങ്ങള്‍ക്ക് നല്‍കിയ  വാഗ്ദാനം പാലിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും   മന്ത്രി പറഞ്ഞു.

റാന്നി തുലാപ്പള്ളി മാര്‍ത്തോമ്മാ പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രമോദ് നാരായണ്‍ എം എല്‍ എ അധ്യക്ഷനായി.  പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  മുഖ്യപ്രഭാഷണം നടത്തി. 
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്‍,  ബ്ലോക്ക്  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍  സിഎസ് സുകുമാരന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍   റോമി ചിങ്ങം പറമ്പില്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date