Skip to main content
പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം

വിഷരഹിത ഭക്ഷണം ശീലമാക്കണം : മന്ത്രി വീണാ ജോർജ് 

ആരോഗ്യമുള്ള ശരീരത്തിനും ജീവിതത്തിനും  വിഷരഹിത ഭക്ഷണം ശീലമാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് .
പത്തനംതിട്ട നഗരസഭ, കൃഷി വകുപ്പ്, കാര്‍ഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  നഗരസഭ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ  പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നതാണ് പ്രധാനം.   ശുദ്ധമായ വെള്ളവും ഭക്ഷണവും ഇതിൽ വലിയ പങ്കു വഹിക്കുന്നു. വിഷരഹിത വിഭവങ്ങൾ ഒരുക്കുന്ന ജൈവകൃഷി രീതി കൂടുതൽ പ്രോത്സാഹിപ്പിക്കണം. കാർഷിക ഉൽപന്നങ്ങൾക്ക് പ്രാദേശിക വിപണി   ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. 

നാടിന്റെ സംസ്കാരം കാർഷികവൃത്തിയുമായി ബന്ധപ്പെട്ടതാണെന്ന് ചടങ്ങിൽ അധ്യക്ഷനായ നഗരസഭ ചെയർപേഴ്സൺ ടി സക്കീർ ഹുസൈൻ പറഞ്ഞു. കേരളത്തിന്റെ കാർഷിക സംസ്കൃതി വിഭാവനം ചെയ്യുന്ന  ഓണം ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ ആര്‍ അജിത്കുമാര്‍, ജെറി അലക്സ്, അനില അനിൽ അംഗങ്ങളായ വിമല ശിവൻ, അംബിക വേണു, കൃഷി ഫീൽഡ് ഓഫീസർ എൽ ഷിബി, കാർഷിക വികസന സമിതി അംഗങ്ങളായ നൗഷാദ് കണ്ണങ്കര, ബി ഷാഹുൽ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

നഗരസഭയിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത മട്ടലിൽ വീട്ടിൽ ആനന്ദൻ,  വിവിധ വിഭാഗങ്ങളിൽ മികച്ച കർഷകരായി തിരഞ്ഞെടുത്ത ചാക്കോ ശാമുവേൽ, വി ആർ ബിജുരാജ്, ജലാലുദ്ദീൻ, ജോജി പി ശാമുവേൽ,  സിസിലി എബ്രഹാം, മറിയാമ്മ റെജി, ടി എൻ ലത, എയ്ഞ്ചൽ ആൻ റെജി, ടി എം സുലൈമാൻ എന്നിവരെ ആദരിച്ചു.

date