റോഡുകൾ മുറിച്ചുള്ള പ്രവൃത്തികൾക്ക് അനുമതി
റോഡുകൾ മുറിച്ചുള്ള വിവിധ വകുപ്പുകളുടെ പ്രവൃത്തിക്ക് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് കട്ടിങ് ജില്ലാ കോ-ഓഡിനേഷൻ കമ്മിറ്റി യോഗം അനുമതി നൽകി. കെ.എസ്.ഇ.ബിയുടെ രണ്ടും വാട്ടർ അതോറിറ്റിയുടെ അഞ്ചും ബി.എസ്.എൻ.എൽ സമർപ്പിച്ച നാലും അപേക്ഷകളാണ് പരിഗണിച്ചത്. റിലയൻസ് ജിയോ സമർപ്പിച്ച രണ്ട് അപേക്ഷകളും പരിഗണിച്ചു. കൽപ്പറ്റ ട്രാഫിക് ജംഗ്ഷൻ മുതൽ കിൻഫ്ര പാർക്ക് വരെ 4130 മീറ്റർ, കൈനാട്ടി-ബൈപാസ് ജംഗ്ഷൻ റോഡിൽ 400 മീറ്റർ പ്രവൃത്തികൾ നടത്താനാണ് കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയത്.
വാട്ടർ അതോറിറ്റിക്ക് അനുമതി ലഭിച്ച പ്രവൃത്തികൾ: വേമോം നല്ലൂർനാട് പൊരുന്നന്നൂർ ശുദ്ധജല വിതരണ പദ്ധതിക്കായി തലശ്ശേരി-ബാവലി റോഡിൽ 860 മുതൽ 950 വരെ ഭാഗം, മാനന്തവാടി-കണ്ടോത്ത് വയൽ റോഡിലും കെല്ലൂർ-ചേര്യംകൊല്ലി-കഴുക്കലോടി-കമ്പളക്കാട് റോഡിലും പൈപ്പ് ലൈൻ സ്ഥാപിക്കൽ, തരിയോട്, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിക്കായി വൈത്തിരി-തരുവണ റോഡിൽ 1800 മീറ്റർ.
മാനന്തവാടി-കൈതക്കൽ റോഡിലും ചെറുകാട്ടൂർ-കൈതക്കൽ റോഡിലും റിലയൻസിന് ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കാൻ അനുമതി നൽകി.
ഒഎഫ് കേബിളുകൾ സ്ഥാപിക്കാൻ ബി.എസ്.എൻ.എലിന് അനുമതി ലഭിച്ച റോഡുകൾ: മാനന്തവാടി-കണ്ടോത്ത് വയൽ, മാനന്തവാടി-കൽപ്പറ്റ, ആറാംമൈൽ-കമ്മന-കരിന്തിരിക്കടവ്, പാണ്ടിക്കടവ് അപ്രോച്ച് റോഡ്. നിരവിൽപ്പുഴ-തേറ്റമല-പാണ്ടിക്കടവ്-മാനന്തവാടി പാതയോരത്ത് കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുക്കാനും അനുമതി നൽകി.
കെഎസ്ഇബിയുടെ പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി കൽപ്പറ്റ ബൈപാസ്, ചുണ്ടേൽ-മേപ്പാടി, കൽപ്പറ്റ-മേപ്പാടി റോഡുകളിലും പുളിയാർമല ജംഗ്ഷൻ മുതൽ കൈനാട്ടി വരെയും നവംബർ 30ന് സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. വാട്ടർ അതോറിറ്റിയുടെ കണിയാമ്പറ്റ-എടക്കുമ്പം വെറ്ററിനറി ആശുപത്രി റോഡിലെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡിസംബർ മൂന്നിനു സംയുക്ത പരിശോധന നടത്താനും തീരുമാനമായി. ബേഗൂർ-തിരുനെല്ലി റോഡിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന് റിലയൻസ് സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിന് തടസ്സമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം റിപോർട്ട് നൽകണമെന്നു കളക്ടർ നിർദേശിച്ചു. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
- Log in to post comments