Skip to main content

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനം ജില്ലയില്‍ എച്ച്. ഐ.വി ബാധിതര്‍ കുറഞ്ഞുവരുന്നു

ലോക എയ്ഡ്‌സ് ദിനത്തിന്റെ 30-ാം വാര്‍ഷികദിനാചരണം നടക്കുമ്പോള്‍ ജില്ലയില്‍ എച്ച്.ഐ.വി ബാധിതര്‍ കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 16 വര്‍ഷങ്ങളിലായി എച്ച്.ഐ.വി പരിശോധന കേന്ദ്രങ്ങളില്‍ എത്തിയ മൂന്ന് ലക്ഷത്തിലധികം ആളുകളില്‍ 626 പേരില്‍ മാത്രമാണ് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. 2017 നെ അപേക്ഷിച്ച് 2018 ല്‍ ജില്ല എച്ച്.ഐ.വി നിര്‍മാര്‍ജനരംഗത്ത് കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയമായ 52 ലക്ഷത്തിലധികം (5243394)  ആളുകളില്‍ 31612 പേര്‍ എയ്ഡ്‌സ് ബാധിതരാണ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് ബാധിതര്‍ തിരുവനന്തപുരം ജില്ലയിലും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. ഇവരെല്ലാം അതാത് ജില്ലയിലുള്ളവരാണെന്ന് ഉറപ്പിക്കാനാവില്ലെന്നും  മറ്റു ജില്ലകളില്‍ നിന്ന് ഇവിടെ പരിശോധന നടത്തിയവരാകാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരായവര്‍ക്ക് ചികിത്സ നല്‍കുന്നതിന് വിപുലമായ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് വിവിധ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഇത്തരം സംവിധാനങ്ങളിലൂടെ ഒരു പരിധിവരെ എച്ച്.ഐ.വി ബാധിച്ചവരെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നല്‍കാനും കഴിഞ്ഞിട്ടുണ്ട്. 2017 ലെ കണക്കുപ്രകാരം 1299 പേര്‍ എയ്ഡ്‌സ് ബാധിതരാണെങ്കില്‍ 2018 ഓടു കൂടി 886 ആയി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അണുബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ആരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ കൊണ്ടും വിപുലമായ എയ്ഡിസിനെതിരെ നടത്തുന്ന കാമ്പയനിങിന്റെയും ഫലമായാണ്.
എച്ച്.ഐ.വി അണുബാധ സാധ്യയുള്ളവരില്‍ പ്രവര്‍ത്തിക്കുന്ന 59 സുരക്ഷ പദ്ധതികള്‍, സര്‍ക്കാര്‍ -സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 530 ജ്യോതിസ് കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജിലുമുള്ള ഉഷസ്, 23 പുലരി കേന്ദ്രങ്ങള്‍ തുടങ്ങിയവയില്‍ എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിങും സൗജന്യമായി നല്‍കുകയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും അണുബാധയുണ്ടെന്നു കെണ്ടെത്തിയാല്‍ അവരെ കൂടുതല്‍ ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്യും. കൂടാതെ 177 അംഗീകൃത രക്തബാങ്കുകളും എയ്ഡ്‌സ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു.
സര്‍ക്കാര്‍ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി, സൗജന്യചികിത്സയും പരിശോധനകളും, സൗജന്യ  ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധന, 'സ്‌നേഹപൂര്‍വ്വം' വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി,സാമൂഹ്യമിഷന്റെ ട്രീറ്റ്‌മെന്റ് കെയര്‍ ടീം, കോളജ്-സ്‌കൂള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന റെഡ് റിബണ്‍ ക്ലബുകള്‍, തുടങ്ങിയവ എയ്ഡ്‌സ് നിയന്ത്രണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഇതുകൂടാതെ എല്ലാ എച്ച്.ഐ.വിഅണുബാധിതരെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
എച്ച്.ഐ.വി നിയന്ത്രണത്തില്‍ ഏറെ പുരോഗതി കൈവരിച്ചെങ്കിലും  എച്ച്.ഐ.വി  വാഹകരായിട്ടും ആ സ്ഥിതി അറിയാതെ ജീവിക്കുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കുക, ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിനാചരണത്തിന്റെ ലക്ഷ്യം. നിങ്ങളുടെ എച്ച്.ഐ.വി നില അറിയുക എന്നതാണ് എയ്ഡ്‌സ് ദിനാചരണത്തിന്റെ മുദ്രവാക്യം. ഇതോടൊനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

 

date