Skip to main content

നവകേരളം- കെയര്‍ ഹോം ഗുണഭോക്താക്കളുടെ സംഗമം നടത്തി

പ്രളയ ദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്  സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച് നല്‍കുന്ന വീടുകളുടെ ഗുണഭോക്താക്കളുടെ സംഗമം നടത്തി. വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍  ആദ്യ വാരം  തുടങ്ങാന്‍ തീരുമാനിച്ചു. മൂന്ന് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളില്‍ പ്രളയത്തെ തുടര്‍ന്ന് സ്ഥലം പൂര്‍ണ്ണമായി ഒലിച്ചു പോയവര്‍ക്കായി ഉടന്‍ പുതിയ സ്ഥലം കണ്ടെത്താനും ധാരണയായി.
ജില്ലയില്‍ 90 കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു നല്‍കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ 23 ഉം തിരൂരില്‍ 18 ഉം പൊന്നാനിയില്‍ 17 ഉം തിരൂരങ്ങാടിയില്‍ 10 ഉം കുടംബങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പെരിന്തല്‍മണ്ണയിലും ഏറനാടും ഒമ്പത് വീതവും കൊണ്ടോട്ടി നാലും കുടംബങ്ങളാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഒരു വീടിന് 5 ലക്ഷം രൂപ വീതം സഹായധനം നല്‍കുക.
വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥലത്തെ പ്രാഥമിക സംഘങ്ങള്‍ അല്ലെങ്കില്‍ മറ്റ് സഹകരണസംഘങ്ങള്‍ക്കാണ് നിര്‍മ്മാണ ചുമതല.  അതത് പ്രദേശത്തെ സാഹചര്യം, ഭൂമിയുടെ ഘടന, ഭൂമിയുടെ ലഭ്യത, ഗുണഭോക്താവിന്റെ താല്‍പര്യവും സാമ്പത്തിക സ്ഥിതിയും എന്നിവയ്ക്ക് അനുസരിച്ചാണ് വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയത്. ഇതിനായി എഞ്ചിനീയറിങ് വിദഗ്ദ്ധര്‍, എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സേവനം ലഭ്യമാക്കി. വീട് വെച്ച് നല്‍കുക എന്നതോടൊപ്പം കുടുംബങ്ങളുടെ സാമൂഹ്യ പുനരധിവാസത്തിന് കൈത്താങ്ങായി ഒരു നിശ്ചിത കാലയളവില്‍ പ്രവര്‍ത്തിക്കാനും കെയര്‍ ഹോം പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജോസ് എബ്രഹാം, കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനീയറിംഗ് കോളേജ് സിവില്‍ എന്‍ജിനീയറിംഗ് വകുപ്പ് മേധാവി ഡോ. സയ്യിദ് ജലാലുദ്ദീന്‍ ഷാ,  പദ്ധതിയുടെ ഗുണഭോക്താക്കള്‍, നിര്‍വ്വഹണ ചുമതലയുള്ള 65 സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date