Skip to main content

ശബരിമല : തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകി കുടിവെള്ള കിയോസ്‌കുകള്‍

 

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകി വാട്ടര്‍ കിയോസ്‌കുകള്‍. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് കേരള ജല അതോറിറ്റി നിലയ്ക്കലില്‍ ഒരുക്കിയിരിക്കുന്ന വാട്ടര്‍ കിയോസ്‌കുകളാണ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായിരിക്കുന്നത്. കുടിക്കാനും മറ്റ് ആവശ്യത്തിനുള്ള വെള്ളം തീര്‍ത്ഥാടകര്‍ക്ക് അവശ്യാനുസരണം ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്. 

മൂന്നൂറ് വാട്ടര്‍ കിയോസ്‌കുകളാണ് നിലയ്ക്കലില്‍ മാത്രം ഒരുക്കിയിരിക്കുന്നത്. അറുപത്തിയഞ്ച് ലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള ക്രമീകരണം നിലയ്ക്കലില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ടാറ്റ പ്രോജക്ട് ലിമിറ്റഡുമായി ചേര്‍ന്നാണ് കുടിവെള്ള വിതരണത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലയ്ക്കലില്‍ സ്ഥാപിച്ചിരിക്കുന്ന ജലസംഭരണികളിലേക്ക് പമ്പ, സീതത്തോട് എന്നിവിടങ്ങളില്‍ നിന്നും ടാങ്കര്‍ ലോറിയിലാണ് വെള്ളം എത്തിക്കുന്നത്. കൂടാതെ, ആര്‍.ഒ പ്ലാന്റുകളില്‍ ശുദ്ധീകരിച്ച കുടിവെള്ളം എടുക്കുന്നതിന് നാല് ടാപ്പുകളുള്ള 78 കിയോസ്‌ക്കുകളും രണ്ട് ടാപ്പുകള്‍ ഉള്ള 75 കിയോസ്‌ക്കുകളും സ്ഥാപിച്ചിട്ടുണ്ട്. 

ആര്‍. ഒ പ്ലാന്റുകളില്‍ ശുദ്ധീകരിച്ച് ജലമാണ് കുടിവെള്ള ആവശ്യത്തിനായി കിയോസ്‌കുകള്‍ വഴി വിതരണം ചെയ്യുന്നത്. കൂടാതെ, സ്വാമി അയ്യപ്പന്‍ റോഡില്‍ ശുദ്ധജലവിതരണത്തിന് വിതരണക്കുഴലുകള്‍ സ്ഥാപിച്ച് ചരല്‍മേട് ഭാഗം വരെയും ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്ന ഇ-ടോയ്ലെറ്റ്, കിയോസ്‌ക്, പൊതുടാപ്പുകള്‍ എന്നിവിടങ്ങളിലും ആവശ്യത്തിന് ജലം എത്തിക്കുന്നുണ്ട്.  മണിക്കൂറില്‍ 33,000 ലിറ്റര്‍ ശുദ്ധജലമാണ് ഈ പ്ലാന്റ് വഴി വിതരണം ചെയ്യുക. പന്ത്രണ്ട് ഹോട്ട് വാട്ടര്‍ കിയോസ്‌കുകളുമുണ്ട്. കിയോസ്‌കുകള്‍ കൂടാതെ, തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ മൂന്ന് വെയിറ്റിംഗ് ഷെല്‍ട്ടറുകളും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടെണ്ണത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. പണി പൂര്‍ത്തിയായ ഷെല്‍ട്ടറുകളില്‍ വിരി വയ്ക്കാനുള്ള സൗകര്യത്തിന് പുറമേ വീഡിയോ വാളും സ്ഥാപിച്ചിട്ടുണ്ട്.                (പ്രതേ്യക പത്രക്കുറിപ്പ് 37/18)

 

date