Skip to main content

ശബരിമല തീര്‍ത്ഥാടനം : കൂടുതല്‍ സൗകര്യങ്ങളൊരുക്കി റാന്നി ഗ്രാമപഞ്ചായത്ത്

 

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് അവശ്യസൗകര്യങ്ങളൊരുക്കി റാന്നി ഗ്രാമപഞ്ചായത്ത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയാണ് റാന്നി ഗ്രാമപഞ്ചായത്തിന് അനുവദിച്ചിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് പഞ്ചായത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളങ്ങള്‍ വിശ്രമിക്കാന്‍ മാത്രമാക്കാതെ തീര്‍ത്ഥാടന സൗഹൃദകേന്ദ്രങ്ങളാക്കാനും തദ്ദേശ സ്വയംഭരണവകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.  പ്രളയത്തില്‍ വലിയ നാശം നേരിട്ട റാന്നി പഞ്ചായത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പ്രളയത്തില്‍ തകര്‍ന്ന പെരുമ്പുഴ കടവിലെ ശൗചാലയങ്ങളുടെ പുനരുദ്ധാരണം ആദ്യം നടത്തി. തീര്‍ത്ഥാടകര്‍ക്ക് കുളിക്കാനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കുമായി പെരുമ്പുഴ കടവ് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇവിടെ രണ്ട് ലൈഫ് ഗാര്‍ഡുകളേയും നിയമിച്ചിട്ടുണ്ട്. കൂടാതെ, രാമപുരം ക്ഷേത്രത്തിലും അതിന് സമീപത്തുമായി രണ്ട് ഇടത്താവളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് ആവശ്യമായ പായ, സ്പൂണുകള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, ബക്കറ്റുകള്‍, കുടിവെള്ളം എന്നിങ്ങനെ  ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ചിട്ടുണ്ട്. തിരുവാഭരണപാതയിലെ കേടായ തെരുവുവിളക്കുകള്‍ നന്നാക്കി. കൂടാതെ, പുതിയ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.                (പ്രതേ്യക പത്രക്കുറിപ്പ് 41/18)

date