വാഹനപരിശോധന: 2,50,300 രൂപ പിഴയീടാക്കി
ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ വാഹനപരിശോധനയിൽ 450 കേസുകളിലായി 2,50,300 രൂപ ഈടാക്കി. ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിനും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനുമായി 44 പേർക്കെതിരെയും സൈലൻസർ മാറ്റി അമിത ശബ്ദം ഉണ്ടാക്കിയ മോട്ടോർ സൈക്കിൾ ഓടിച്ചതിനും ഹെൽമറ്റ് ഇല്ലാതെയും സീറ്റ്ബെൽറ്റ് ഇല്ലാതെയും വാഹനം ഓടിച്ചതിന് 141 പേർക്കെതിരെയും കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് 36 കേസുകൾ എടുത്തു. അമിത ഭാരം കയറ്റിയതിനും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും ഫോണിൽ സംസാരിച്ച് വാഹനമോടിച്ചതിനുമായി 18 ഓളം പേരുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു.
അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസർ ഘടിപ്പിച്ച് 13 ബൈക്കുകൾ പിടികൂടി രജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി. നിശ്ചിത സമയത്തിനുള്ളിൽ അമിത ശബ്ദമുള്ള സൈലൻസറുകൾ മാറ്റി ബൈക്കുകൾ പൂർവ്വസ്ഥിതിയിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിക്കണമെന്ന് നിർദേശം നൽകി. കണ്ണൂർ പൂതിയ ബസ്റ്റാന്റിൽ നിന്നും പയ്യന്നൂർ, തളിപ്പറമ്പ, പഴയങ്ങാടി എന്നീ സ്ഥലങ്ങളിലേക്കുള്ള ബസ്സുകൾ നേരത്തെ പുറപ്പെടുന്നു എന്ന പരാതിയിൽ പരിശോധനയുണ്ടാകുമെന്ന് കണ്ണൂർ ആർ ടി ഒ മനോഹരൻ അറിയിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ എം ഷാജിയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തിയത്.
- Log in to post comments