തില്ലങ്കേരി ഇനി അഴിമതി രഹിത-ജനസൗഹൃദ-കാര്യക്ഷമത പഞ്ചായത്ത്
തില്ലങ്കേരി ഗ്രാമ പഞ്ചായത്തിനെ അഴിമതി രഹിത ജനസൗഹൃദ കാര്യക്ഷമത പഞ്ചായത്തായി പ്രഖ്യാപിച്ചു. വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാറിന്റെ ഉദ്ഘാടനവും പദ്ധതിയുടെ പ്രഖ്യാപനവും കേരള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മൈഥിലി രമണൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് അധ്യക്ഷത വഹിച്ചു.
മണ്ണിനെയും മരങ്ങളെയും സംരക്ഷിച്ചുകൊണ്ട് പകർച്ച വ്യാധികളിൽ നിന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിൽ നടപ്പാക്കുന്ന ആരോഗ്യ ഭവനം പദ്ധതി തുടരാനും ശ്മശാനം നിർമ്മാണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സഹകരണത്തോടെ മുഴുവൻ വീടുകളിലുമെത്തി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കും ഇതിന് യൂസർഫീയായി പ്രതിമാസം 30 രൂപ വീതം എല്ലാ വീടുകളിൽ നിന്നും ഈടാക്കും.
തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഷൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം പ്രശാന്തൻ, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി കെ ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എ കെ ജയരാജൻ, കില ഫാക്കൽട്ടി മുരളീധരൻ കൈതേരി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി വി അജിത്ത് കുമാർ, പി എ യു സീനിയർ സൂപ്രണ്ട് വി പി ബാബുരാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments