സ്ത്രീ സുരക്ഷാ നിയമങ്ങള്‍ക്ക് പല്ലും നഖവും വേണം; എം സി ജോസഫൈന്‍
സ്ത്രീസുരക്ഷാനിയമങ്ങള്‍ക്ക് പല്ലും നഖവും വേണമെന്ന് വനിതാകമീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഗാര്‍ഹിക പീഡനനിരോധന നിയമം മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യയിലെമ്പാടും സ്ത്രീകള്‍ അനുഭവിക്കുന്ന സൗകര്യങ്ങള്‍ നിരവധി പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഫലമായി നേടിയെടുത്തതാണ്. ഇന്നത്തെ തലമുറയ്ക്ക് അതുസംബന്ധിച്ച് പരിമിതമായ അറിവേ ഉള്ളൂ.
പഴക്കമുള്ള ഫ്യൂഡല്‍ സാമൂഹ്യബോധത്തിന്റെയും ആശയങ്ങളുടെയും സ്വാധീനത്തില്‍നിന്നാണ് പുരുഷമേധാവിത്വം ഇന്നും തുടരുന്നത്. വിദ്യാഭ്യാസപരമായി ഏറെ മുന്നിട്ടുനില്‍ക്കുന്ന കേരളം പോലും ഇത്തരത്തിലുള്ള പുരുഷമേധാവിത്വ ആശയങ്ങള്‍ പിന്തുടര്‍ന്നാണ് മുന്നോട്ട് പോകുന്നത്. അതേസമയം നിയമങ്ങളുടെ പല്ലും നഖവും കൊഴിക്കാനുള്ള പഴുതുകളും നിയമത്തോടൊപ്പമുണ്ട്. 1980 ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍വന്നിട്ടും സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും അത് തുടരുന്നു. സമ്മാനത്തിന്റെ രൂപത്തില്‍, വസ്തുക്കളുടെ രൂപത്തില്‍ സ്ത്രീകളില്‍നിന്ന് പിടിച്ചുവാങ്ങുകയാണ്. ഭര്‍തൃകുടുംബങ്ങളില്‍നിന്ന് ക്രൂരമായ ആക്രമണങ്ങളാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നത്. ഇതിന് ഇന്നും ഒരു കുറവ് പോലും വന്നിട്ടില്ല. ഇന്നും വസ്്തുവകകളുടെ ക്രയവിക്രയങ്ങളുടെ പൂര്‍ണാധികാരം ഭര്‍തൃകുടുംബത്തിനാണ്. അത്തരം വീടുകളിലെ സ്റ്റൗ തനിയെ പൊട്ടുകയും ഭര്‍തൃമതി തനിയെ മരണപ്പെടുകയും ചെയ്യുന്നു.
വ്യക്തിനിഷ്ഠ ജീവിതത്തില്‍ ഉറച്ച തീരുമാനമെടുക്കാനും സ്ത്രീധനം വേണ്ടെന്ന് പറയാനുമുള്ള തന്റേടം പുതിയതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകണം. വീടിനകത്ത് അഭിപ്രായം രൂപപ്പെടുത്തുന്നതില്‍, തീരുമാനമെടുക്കുന്നതില്‍ ഇന്നും സ്ത്രീകള്‍ക്ക് പങ്കാളിത്തമില്ല. ഭരണരംഗത്തും ഇതാണ് സ്ഥിതി.
33 ശതമാനം സംവരണം നിലവില്‍ വന്നിട്ടും ഭൂരിപക്ഷം പുരുഷന്റെ കൈയിലാണ്. സ്ത്രീ വിരുദ്ധതയുടെ അവതരണങ്ങള്‍ പല രൂപത്തില്‍, ഭാവങ്ങളില്‍, ഭാഷയില്‍ കൊണ്ടാടപ്പെടുകയാണ്. ഇതിന് ഒരു ആഗോള പരിസരമുണ്ട്. തൊഴിലിടങ്ങളില്‍, സാമൂഹ്യ-രാഷ്ട്രീയരംഗങ്ങളില്‍, ഭരണ രംഗത്തെല്ലാം ഇത് കാണാം. ജാതി, വര്‍ണ വ്യത്യാസമില്ലാതെ ഈ അനീതി തുടരുകയാണ്. ലിംഗസമത്വം എന്നത് ജപമാല ഉരുവിടുന്നതുപോലെ ഉരുവിട്ടു നേടാവുന്നതല്ല. സംഘടിച്ചും കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ടും സ്ത്രീ മുന്നോട്ടുവരണം. അതേ സമയം മീടൂ ക്യാമ്പയിന്റെ കടന്നുവരവ് ഏറെക്കുറെ പുരുഷന്‍മാരുടെ സമീപനങ്ങളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതൊരു നല്ല തുടക്കമാണെന്നും വനിതാകമ്മീഷന്‍ പൂര്‍ണമായും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒരിക്കലും ജാതിമത വ്യത്യാസമില്ലെന്നും ആധുനിക ശാസ്ത്രസാങ്കേതിക ലോകത്ത് ക്രൂരമായ സൈബര്‍ ആക്രമണങ്ങളാണ് സത്രീകള്‍ നേരിടുന്നത്. കൊച്ചിയിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ ഹനാന്‍ എന്ന പെണ്‍കുട്ടി ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഇതിനെതിരെ ശക്തമായ നിയമംകൊണ്ടുവരാന്‍ നമ്മുടെ ഗവണ്‍മെന്റിന് സാധിക്കണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.
- Log in to post comments