Skip to main content
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച നവചേതന പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും സാക്ഷരതാ മിഷൻ ഡയറക്ടർ എ. ജി. ഒലീന ഉദ്ഘാടനം ചെയ്യുന്നു

പ്രായത്തെ തോൽപ്പിച്ച വിജയോത്സവം നവചേതന പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

സാക്ഷരതാമിഷനും  പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച നവചേതന പഠിതാക്കളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും സാക്ഷരതാ മിഷൻ ഡയറക്ടർ എ. ജി. ഒലീന ഉദ്ഘാടനം ചെയ്തു.  നവചേതന പദ്ധതിയിലൂടെ പ്രായത്തെയും പരാധീനതയെയും തോൽപ്പിച്ച് തുല്യതാപഠിതാക്കൾ  സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

പട്ടികജാതി ഉന്നതികളിലെ  പ്രാഥമികവിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ മുതിർന്നവരെ കണ്ടെത്തി അവർക്ക് നാലാം തരം  തുല്യതാ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് നവചേതന. പദ്ധതിയുടെ ഭാഗമായി  പ്രാഥമികവിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ 216 പഠിതാക്കളെ സർവ്വേയിലൂടെ കണ്ടെത്തി. സാക്ഷരതാ മിഷന്റെ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി പരിശീലനം നേടിയ ഇൻസ്‌ട്രക്ടർമാർ മുഖേനെ ക്ലാസ് നൽകി. 2024  മെയ് 25 ന് മികവുത്സവം എന്ന പേരിൽ 12  കേന്ദ്രങ്ങളിൽ പരീക്ഷ നടത്തി. വിജയികളായ 186 പേരിൽ 154  സ്ത്രീകളും 32 പുരുഷൻമാരുമാണുള്ളത്. 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. മുതിർന്ന പഠിതാവ് കല്യാണിയെ  വൈസ് പ്രസിഡന്റ്  റാഹേൽ ആദരിച്ചു. പന്തളം തെക്കേക്കര പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഇൻസ്‌ട്രക്ടർമാരെ അനുമോദിച്ചു. 
ഏഴാംതരം തുല്യതാ പഠിതാക്കൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ കോഡിനേറ്റർ ഇ വി അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. 

സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധരപണിക്കർ,  പ്രീയ ജ്യോതികുമാർ, അംഗങ്ങളായ  വി.പി. ജയദേവി, കെ.ആർ രഞ്ജിത്ത്, എസ്. ശ്രീവിദ്യ പൊന്നമ്മ വർഗ്ഗീസ്, സെക്രട്ടറി സി എസ് കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

 

date