Skip to main content

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം പ്രതിരോധം : മന്ത്രി വീണാ ജോർജ്

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ വരാതെ പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. നഗരസഭ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് പൂർത്തീകരിച്ച  മൂന്നാമത്തെ വെൽനസ് സെന്ററിന്റെ ഉദ്ഘാടനം പത്തനംതിട്ട വഞ്ചിപ്പൊയ്കയിൽ  നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും കുറവ് ശിശു മരണനിരക്കും നവജാത ശിശു മരണനിരക്കുമുള്ള സംസ്ഥാനമാണ് കേരളം.
സംസ്ഥാനത്തെ 326മത്തെ ജനകീയ ആരോഗ്യ കേന്ദ്രമാണ് വഞ്ചിപ്പൊയ്കയിലേത്. ഒരു മണി മുതൽ 7 മണിവരെ ഡോക്ടറിന്റെ സേവനം ഇവിടെ ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകൾക്ക് വേണ്ടിയുള്ള ക്ലിനിക്ക് പ്രവർത്തിക്കും.
ജില്ലയെ സജീവമാക്കുന്ന പ്രവർത്തനങ്ങളാണ്  സർക്കാർ നടപ്പാക്കുന്നത്. 197 കോടി കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച അഴൂർ കെ എസ് ഇ ബി സബ്‌സ്റ്റേഷൻ നാടിനു സമർപ്പിച്ചു. ഗവൺമെന്റ് നഴ്സിംഗ് കോളേജ്, ജിഎസ് റ്റി ഓഫീസ്, പോക്സോ കോടതി, വനിതാ വികസന കോർപ്പറേഷൻ വനിതാ ഹോസ്റ്റൽ, വനിതാ പോലീസ് സ്റ്റേഷൻ തുടങ്ങിയവ ജില്ലയിൽ  പ്രവർത്തനം ആരംഭിച്ചു. സ്റ്റേഡിയം നിർമാണവും അബാൻ മേൽപ്പാല നിർമ്മാണവും അന്തിമ ഘട്ടത്തിലാണ്. ഭക്ഷ്യ സുരക്ഷാ ലാബുൾപ്പടെ ജില്ലയിൽ സാധ്യമായി. റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ ഉൾപ്പടെ എല്ലാ മേഖലയിലും വികസനം സാധ്യമായതായും മന്ത്രി കൂട്ടിചേർത്തു.

സമയബന്ധിതമായി പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാക്കാൻ നഗരസഭയ്ക്ക് സാധിച്ചതായി അധ്യക്ഷത വഹിച്ച നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണ നിറവിലാണ്. ഹാപ്പിനസ് പാർക്ക്, ടൗൺ സ്ക്വയർ, ബസ്റ്റാൻഡ് നിർമ്മാണവുമെല്ലാം അതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്,  പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അനില അനിൽ
ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരി, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ എസ് ശ്രീകുമാർ,   ജില്ല ആസൂത്രണ സമിതി അംഗം പി കെ അനീഷ്, നഗരസഭ സെക്രട്ടറി എം മുംതാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം അഷ്റഫ് അലങ്കാർ, ജാസിം കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

date