കുഷ്ഠരോഗനിര്‍ണയ പ്രചരണ പരിപാടി ഡിസംബര്‍ അഞ്ചുമുതല്‍ നാളെ (ഡിസംബര്‍ മൂന്നിന്) ഗോപിനാഥ് മുതുകാട് മാജിക് ഷോ അവതരിപ്പിക്കും
ജില്ലയിലെ കുഷ്ഠരോഗനിര്‍ണയ പ്രചരണ പരിപാടിയായ 'അശ്വമേധം' ഡിസംബര്‍ അഞ്ചുമുതല്‍ ആരംഭിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഡിസംബര്‍ അഞ്ചുമുതല്‍ രണ്ടാഴ്ച കൊണ്ട് ജില്ലയിലെ മുഴുവന്‍ വീടുകളും പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച് മറഞ്ഞിരിക്കുന്ന രോഗബാധ കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ പ്രചാരണാര്‍ഥം നാളെ(ഡിസംബര്‍ മൂന്നിന്) ടൗണ്‍ഹാളില്‍ രാവിലെ 9.30ന് മാജിക് ഷോ അവതരിപ്പിക്കും. രോഗം മാറാന്‍ മാന്ത്രിക വിദ്യകളില്ല, സമയോചിത നിര്‍ണയം, ശരിയായ ചികിത്സ' എന്ന പ്രമേയത്തിലാണ് മാജിക് ഷോ അവതരിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
അശ്വമേധത്തിന്റെ ഭാഗമായി ജില്ലയിലെ 9, 41,390 വീടുകളില്‍ പരിശീലനം ലഭിച്ച പുരുഷ, സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തി രോഗ നിര്‍ണ്ണയം നടത്തും. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് 942 സൂപ്പര്‍വൈസര്‍മാരും അതിന് താഴെ 9414 സന്നദ്ധപ്രവര്‍ത്തകരും ഉണ്ടാകും. സ്ത്രീകളെ സ്ത്രീയും പുരുഷനെ പുരുഷ വളണ്ടിയറും മാത്രമേ പരിശോധിക്കുകയുള്ളൂ. വീട്ടില്‍ സൂര്യപ്രകാശവും സ്വകാര്യതയുമുള്ള സ്ഥലത്ത് വെച്ച് ശരീരഭാഗങ്ങള്‍ പരിശോധിച്ച് രോഗത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ഡോക്ടറുടെ സൗജന്യ പരിശോധനയുണ്ടാകും. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചാല്‍ സൗജന്യചികിത്സയും നല്‍കുമെന്നും രോഗവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാമ്പയിന്‍ പ്രഖ്യാപിച്ചത് മുതല്‍ നമ്മുടെ ജില്ലയില്‍ ഒട്ടേറെ പ്രചാരണ പരിപാടികള്‍ നടന്ന് വരികയാണെന്നും ഓഫീസര്‍ പറഞ്ഞു.
ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് ഇസ്മായില്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷിബുലാല്‍, മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments