Skip to main content

ജില്ലയില്‍ ഇന്‍ലാന്റ് മത്സ്യ സര്‍വെയ്ക്ക് തുടക്കം 12 അംഗ വിദ്യാര്‍ത്ഥി സംഘം ഉള്ളണത്തെ ഫാം സന്ദര്‍ശിച്ചു

ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും കടല്‍മത്സ്യ ലഭ്യതയും വൈവിധ്യവും വിലയിരുത്താനുമായി ജില്ലയില്‍ മത്സ്യസര്‍വെ തുടങ്ങി. കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിലെ 12 അംഗ വിദ്യാര്‍ത്ഥി സംഘമാണ് ജില്ലയില്‍ ഉള്‍നാടന്‍, അലങ്കാര മത്സ്യസര്‍വെ തുടങ്ങിയത്. കോഴിക്കോട് ജില്ലയില്‍ കടല്‍ മത്സ്യ സര്‍വെ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് മലപ്പുറം ജില്ലയില്‍ സംഘം ഉള്‍നാടന്‍ മത്സ്യസര്‍വെയ്ക്ക് തുടക്കമിട്ടത്. പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ ഉള്ളണം നോര്‍ത്ത് ഫിഷറീസ് ഫാമിലായിരുന്നു ജില്ലയിലെ ഉള്‍നാടന്‍ അലങ്കാര മത്സ്യസര്‍വെയ്ക്ക് തുടക്കമായത്. മത്സ്യഇനങ്ങള്‍, പരിചരണം, പ്രജനനരീതികള്‍, മത്സ്യതീറ്റയുടെ ഉപയോഗം, കുളങ്ങളുടെ സജ്ജീകരണം തുടങ്ങിയ വിവരങ്ങള്‍ക്കൊപ്പം ഓരോ പ്രദേശങ്ങളിലും കൂടുതലായി ലഭ്യമാകുന്ന മത്സ്യഇനങ്ങളുടെ വിശദാംശങ്ങള്‍ കൂടി സര്‍വെ സംഘം ശേഖരിക്കുന്നുണ്ട്. ഉള്ളണം നോര്‍ത്തിലെ ഫാമിലെത്തിയ വിദ്യാര്‍ത്ഥി സംഘം ഇക്കാര്യങ്ങളെല്ലാം വിശദമായി വിലയിരുത്തി രേഖപ്പെടുത്തി. സര്‍വെ സംഘം അടുത്ത ദിവസങ്ങളിലായി പൊന്നാനി,തവനൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മത്സ്യവിവരങ്ങള്‍ ശേഖരിക്കും. ഇന്‍ലാന്റ് മേഖലയില്‍ 12 ദിവസും മറൈന്‍ മേഖലയില്‍ 12 ദിവസവുമാണ് സര്‍വെ. ഇതില്‍ ഒന്‍പത് ദിനങ്ങള്‍ നിര്‍ബന്ധമായും സര്‍വെ നടത്തണമെന്നാണ് നിര്‍ദേശം.ഫാമുകളിലെ സന്ദര്‍ശന വിവരങ്ങള്‍ അധ്യാപകര്‍ ഉള്‍പ്പെടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്കും വിദ്യാര്‍ത്ഥികള്‍ കൈമാറണം. യൂനിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ ബാച്ചിന്റെ പ്രായോഗിക പരീക്ഷയുടെ ഭാഗമായാണ് സര്‍വെ. പരപ്പനങ്ങാടി ഉള്ളണം നോര്‍ത്തിലെ ഫാമില്‍ വിദ്യാര്‍ത്ഥി സര്‍വെ സംഘം രണ്ടു മണിക്കൂറോളമാണ് ചെലവഴിച്ചത്.

 

date