Skip to main content

പരമ്പരാഗത നൃത്തം ആസ്വദിക്കാൻ അനന്തപുരിക്ക് ഇന്ന് അത്യപൂർവ അവസരം

 

***     കനകക്കുന്ന് ഗോത്രഊരാകും...
നിശാഗന്ധിയിൽ പരമ്പരാഗതനൃത്തം ചുവടുവയ്ക്കും

ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത നൃത്തരൂപങ്ങൾ ആസ്വദിക്കാനുള്ള അപൂർവ അവസരം ഇന്ന്(ഡിസംബർ 03) അനന്തപുരിക്ക്. കനകക്കുന്നിൽ ഇന്ന് ആരംഭിക്കുന്ന പട്ടികവർഗ വകുപ്പിന്റെ സ്‌കൂൾ കലോത്സവം സർഗോത്സവം ഗോത്രവിഭാഗങ്ങളുടെ വംശീയ നൃത്തരൂപങ്ങളാൽ സമ്പന്നമാകും. വട്ടക്കളി, കമ്പളനാട്ടി, മലപ്പുലയാട്ടം, പളിയനൃത്തം, ഗദ്ദിക, മംഗലംകളി, ചോനാംകളി എന്നിവയൊക്കെ വേദിയിലെത്തിക്കാൻ മലയും ചുരവുമൊക്കെ കടന്ന് വിദ്യാർഥികൾ തലസ്ഥാനത്തെത്തിയിട്ടുണ്ട്. കനകക്കുന്ന് ഇന്നു മുതൽ അക്ഷരാർഥത്തിൽ ഗോത്രഊരായി മാറുകയാണ് ഇനിയുള്ള മൂന്നുനാൾ.

ഉദ്്ഘാടന ചടങ്ങിനു ശേഷം ഉച്ചകഴിഞ്ഞ് ഒന്നു മുതൽ വൈകിട്ട് ഏഴു വരെയാണ് മുഖ്യവേദിയിയായ നിശാഗന്ധിയിൽ പരമ്പരാഗത നൃത്തമത്സരം. സർഗോത്സവത്തിന്റെ മുഖ്യ ആകർഷണവും ഈ മത്സരംതന്നെയാകും. ഗോത്ര ഊരുകളിൽ മാത്രം അവതരിപ്പിക്കപ്പെടുന്നതാണ് നിശാഗന്ധിയിൽ ഇന്നു ചുവടുവയ്ക്കാനിരിക്കുന്ന പരമ്പരാഗത നൃത്തരൂപങ്ങളിൽ പലതും.

വയനാട്ടിലെ പണിയവിഭാഗത്തിന്റെ ഗോത്രനൃത്തരൂപമായ വട്ടക്കളിയും കമ്പളനാട്ടിയും ഇന്നു വേദിയിലെത്തുന്നുണ്ട്. കാർഷിക നടീൽ നൃത്തരൂപമാണ് കമ്പളനാട്ടി. കൃഷി ആഘോഷമാകുന്ന ഈ നൃത്തത്തിന് തുടിയും ചീനവുമാണ് പക്കമേളങ്ങൾ.

മന്നാക്കുത്തും മലപ്പുലയാട്ടവും മംഗലംകളിയും ചോനാംകളിയും വിവിധ ജില്ലകളിലെ തദ്ദേശീയ ഗോത്ര സംസ്‌കാരത്തിന്റെ വൈവിധ്യത്തെ മനോഹരമായി വെളിപ്പെടുത്തും. അട്ടപ്പാടിയിലെ ഇരുളരുടെ ഇരുളനൃത്തം, ഊരാളികളുടെ വട്ടക്കളി, പളിയരുടെ പളിയനൃത്തം, അടിയരുടെ ഗദ്ദിക, കാണിക്കാരുടെ ചോനാംകളി എന്നിവയും കനകക്കുന്നിനു ലാസ്യവിരുന്നൊരുക്കും.

 

date