Skip to main content

കാലത്തിനൊപ്പം മാറ്റത്തിനൊരുങ്ങി രജിസ്ട്രേഷൻ വകുപ്പ്: സാങ്കേതികവിദ്യയുടെ സാധ്യതകൾ ചർച്ച ചെയ്ത് വിഷൻ 2031 സെമിനാർ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്ന രജിസ്ട്രേഷൻ വകുപ്പിന്റെ പ്രവർത്തനങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ എങ്ങനെ കൂടുതൽ ലളിതവും കാര്യഷമവുമാക്കാമെന്ന് ചർച്ച ചെയ്ത് രജിസ്ട്രേഷൻ വകുപ്പ് സെമിനാർ. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ചർച്ചചെയ്യുക ഭാവി വികസന കാഴ്ച്ചപാടുകൾ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 2031ന്റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിച്ച സെമിനാർ കാലികപ്രസക്തമായ വിഷയങ്ങളാൽ ശ്രദ്ധേയമായി. ഗവൺമെന്റ് പ്ലീഡർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

 

രജിസ്ട്രേഷൻ വകുപ്പിന്റെ ആധുനികവത്ക്കരണം എന്ന പേരിൽ മൂന്ന് സെഷനുകളിയായി നടന്ന സെമിനാറിൽ വകുപ്പിന്റെ ഡിജിറ്റലൈസേഷൻ മുതൽ ഡാറ്റ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയ നൂതന സാങ്കേതിക ടൂളുകൾ വരെ ഉപയോഗപ്പെടുത്താൽ കഴിയുന്നതിന്റെ സാധ്യതൾ വിലയിരുത്തി.

 

"രജിസ്ട്രേഷൻ വകുപ്പിന്റെ ഡിജിറ്റലൈസേഷൻ "എന്ന വിഷയത്തിൽ എൻ ഐ സി മുൻ ടെക്നിക്കൽ ഡയറക്ടർ

പി എ മനോജ്‌ അവതരണം നടത്തി.  

രജിസ്ട്രേഷൻ നടിപടികൾക്കായി പേൾ സോഫ്റ്റ് വെയർ വകുപ്പിൽ വിജയകരമായി ഉപയോഗിച്ച് വരുന്നതായും, ആധാര രജിസ്ട്രേഷൻ, ഗഹാൻ, ബാദ്ധ്യതാ സർട്ടിഫിക്കറ്റ് ഇവയെല്ലാം പേൾ സോഫ്റ്റ് വെയറിലൂടെയാണ് നടത്തിവരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചിട്ടി രജിസ്ട്രേഷൻ സോഫ്റ്റ് വെയർ പ്രാഥമിക ഘട്ടത്തിൽ എത്തിയിട്ടുണ്ടെന്നും അടുത്ത 5 വർഷത്തിനുള്ളിൽ ചിട്ടി രജിസ്ട്രേഷൻ പൂർണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

"ഡാറ്റ സെക്ക്യൂരിറ്റി ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ രജിസ്ട്രേഷൻ വകുപ്പിൽ" എന്ന വിഷയത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ലക്ചർ സൂസൻ സക്കറിയ സംസാരിച്ചു. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്ന സാഹചര്യത്തിൽ, ഡാറ്റാ സെക്യൂരിറ്റിയുടെ സാധ്യതകളിലൂടെ ഡേറ്റകൾ എങ്ങനെ സംരക്ഷിക്കാമെന്ന് വ്യക്തമാക്കി. ഡാറ്റ സെൻട്രൽ സെർവറിൽ സൂക്ഷിക്കുന്ന രീതിക്കുപകരം ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൻ്റെ സാധ്യതകളെ പറ്റിയും സംസാരിച്ചു.

 

"ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ രജിസ്ട്രേഷൻ വകുപ്പിൽ എന്ന വിഷയത്തിൽ "അമൃത വിശ്വാ പീഠം അസിസ്റ്റന്റ് പ്രൊഫസർ ദിനേശ് ബാബു അവതരണം നടത്തി. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി എങ്ങനെ രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കാം, രേഖകൾ പരിശോധിച്ച് ഉറപ്പാക്കാം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

 

'"ഡിജിറ്റൽ പ്രക്രിയയുടെ നിയമ സാധുത രജിസ്ട്രേഷൻ നിയമവും ഐടി ആക്ടും" എന്ന വിഷയത്തിൽ കൊച്ചിൻ നുവാൽസ് ലക്ചർ അഡ്വ നിഖിൽ ബാലൻ അവതരണം നടത്തി. ഡിജിറ്റൽ ഡാറ്റ സംരക്ഷണത്തിന് ഐടി ആക്റ്റിന്റെ സാധ്യതൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം വേദിയെ പരിചയപ്പെടുത്തി. ഡിജിറ്റൽ പ്രക്രിയ, ഇലക്ട്രോണിക് രേഖകൾ, ഡിജിറ്റൽ ഒപ്പുകൾ, ഓൺലൈൻ ഐഡന്റിറ്റി വെരിഫിക്കേഷൻ എന്നിവയുടെ നിയമപരമായ സാധുതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. 

 

 സെമിനാറിൽ നിന്ന് ക്രോഡീകരിച്ച നിർദ്ദേശങ്ങൾ പരിശോധിച്ച് വകുപ്പിന്റെ ഭാവി നവീകരണ പ്രവർത്തനങ്ങൾക്കായി നടപടി സ്വീകരിക്കും.

date