സ്മാർട്ട് - പേപ്പർ ലെസ്സ് - ഇൻക്ലൂസീവ് രജിസ്ട്രേഷൻ രജിസ്ട്രേഷൻ വകുപ്പിന്റെ വിഷൻ 2031 വികസന കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു
സ്മാർട്ട് - പേപ്പർ ലെസ്സ് - ഇൻക്ലൂസീവ് രജിസ്ട്രേഷൻ എന്ന ആശയത്തിനാണ് രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ കെ.മീര അവതരിപ്പിച്ച വിഷൻ 2031 വികസന കാഴ്ചപ്പാടുകളിൽ ഊന്നൽ നൽകുന്നത്. പരമാവധി സാങ്കേതികവിദ്യയുടെ പ്രയോജനം വിനിയോഗിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.
വകുപ്പിന്റെ ഓഫീസുകളെല്ലാം കമ്പ്യൂട്ടർവൽക്കരിച്ച് പരമാവധി ആധുനികതയിലേക്ക് ഉയർത്തും. എല്ലാ ഓഫീസുകളിലും മികച്ച കണക്ടിവിറ്റിയും ഉറപ്പാക്കും. രജിസ്ട്രേഷൻ നടപടികൾ പരമാവധി ഡിജിറ്റൽ ആക്കുകയാണ് മറ്റൊരു ലക്ഷ്യം. പേപ്പർ ലെസ്സ് രജിസ്ട്രേഷൻ, രജിസ്റ്റർ ഓഫീസിൽ നേരിട്ട് ഹാജരാകാതെ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന ഫേസ് ലെസ്സ് രജിസ്ട്രേഷൻ, രേഖകളുടെ പൂർണമായ ഡിജിറ്റൈസേഷൻ, ആധാരം തയ്യാറാക്കുന്നതിലും അപേക്ഷകളും പരാതികളും പരിഹരിക്കുന്നതിലും നിർമ്മിത ബുദ്ധിയുടെ സഹായത്തിൽ ചാറ്റ് ബോട്ട്, ഒരു ജില്ലയിലെ വസ്തുക്കൾ ആ ജില്ലയിലെ ഏത് ഓഫീസിലും രജിസ്റ്റർ ചെയ്യാൻ കഴിയും വിധമുള്ള എനിവെയർ രജിസ്ട്രേഷൻ, ഇടപാടുകൾക്കും മറ്റ് സേവനങ്ങൾക്കുമായി മൊബൈൽ ആപ്ലിക്കേഷൻ, ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയുന്നതിനായി ബയോമെട്രിക് അധിഷ്ഠിത രജിസ്ട്രേഷൻ, തുടങ്ങിയ സംവിധാനങ്ങൾ വകുപ്പിൽ കൊണ്ടുവരാൻ കഴിയുന്നവയാണെന്ന് വികസന കാഴ്ചപ്പാടിൽ പറയുന്നു.
വകുപ്പിന്റെ പൊതു വിഷയങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള ജനകീയ സമിതികളുടെ പ്രവർത്തനം കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നത് സഹായകരമാകും.
ആധാരം എഴുത്തുകാരുടെ ലൈസൻസിംഗ് സേവനം പൂർണ്ണമായും ഓൺലൈനാക്കുക, വകുപ്പിലെ ജീവനക്കാരുടെ ജോലി ക്ഷമത വർദ്ധിപ്പിക്കുന്നതിന് കൃത്യമായ പരിശീലനം ഉറപ്പാക്കുക, ഓഫീസുകൾ സ്ത്രീസൗഹൃദമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളും വികസന കാഴ്ചപ്പാടിൽ ഉൾക്കൊള്ളിച്ചിരുന്നു.
- Log in to post comments