Skip to main content

എറണാകുളം ജനറൽ ആശുപത്രിയിൽ ന്യൂട്രിഷൻ ബ്ലോക്കിനും ഇ സി എം ഒ പ്രോഗ്രാമിനും തുടക്കം

എറണാകുളം ജനറൽ ആശുപത്രിയിൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് ഡിപ്പാർട്‌മെൻറ്, കാന്റീൻ ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടും കൊച്ചിൻ ഷിപ്യാർഡ്, ബി.പി.സി.എൽ. തുടങ്ങിയ സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ടും ഉപയോഗിച്ചാണ് സ്വകാര്യ ആശുപത്രികൾക്ക് തുല്യമായ സൗകര്യങ്ങളോടെ ബ്ലോക്ക് നിർമ്മിക്കുന്നത്. 

 

ഒന്നാം നിലയിൽ 75 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്, രണ്ടാം നിലയിൽ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗം, മൂന്നാം നിലയിൽ കിച്ചൻ ജീവനക്കാർക്കുള്ള താമസസൗകര്യം എന്നിവ ഉണ്ടാകും. താമസസൗകര്യം ഒരുക്കുന്നതിലൂടെ കിച്ചൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമായി മാറും. 

 

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം താത്കാലികമായി നിലയ്ക്കുമ്പോൾ ജീവൻ നിലനിർത്താൻ സഹായിക്കുന്ന അത്യാധുനിക ഇ സി എം ഒ (എക്സ്ട്രാ കോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) പ്രോഗ്രാമും ആശുപത്രിയിൽ ആരംഭിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൻ്റെ 60 ലക്ഷം രൂപയുടെ സി.എസ്.ആർ. ഫണ്ടിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

 

സ്വകാര്യ ആശുപത്രികളിൽ പ്രതിദിനം 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ ചെലവ് വരുന്ന ഈ ചികിത്സ, എറണാകുളം ജനറൽ ആശുപത്രിയിൽ 50,000 രൂപയ്ക്ക് ലഭ്യമാക്കും. സിവിയർ എ.ആർ.ഡി.എസ്, കാർഡിയോജനിക് ഷോക്ക്, കാർഡിയാക് അറസ്റ്റ് തുടങ്ങിയ ഗുരുതരാവസ്ഥകളിലാണ് ഇ.സി.എം.ഒ ഉപയോഗിച്ച് ചികിത്സ നൽകുക. കാർഡിയോതൊറാസിക് സർജറി വിഭാഗമാണ് ഇതിന് നേതൃത്വം നൽകുന്നത്.

 

ചടങ്ങിൽ ടി.ജെ വിനോദ് എം എൽ എ അധ്യക്ഷനായി. ചലച്ചിത്ര താരം നിഖില വിമൽ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ഷാഹിർഷാ,നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പ്രസ്ലിൻ ജോർജ്, അഡീഷണൽ സെക്രട്ടറി നവാസ്,ചീഫ് നഴ്സിംഗ് ഓഫീസർ രേണുക, റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.അമീറ തുടങ്ങിയവർ പങ്കെടുത്തു.

 

date