വിഷൻ 2031 - നവകേരള സൃഷ്ടിയും ന്യൂനപക്ഷക്ഷേമവും - സെമിനാറും ന്യൂനപക്ഷ പദ്ധതികളുടെ ഉദ്ഘാടനവും നാളെ (16-10-2025 )
*ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുക്കും
സംസ്ഥാന സർക്കാരിന്റെ വിഷൻ 2031 ൻ്റെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പ് നാളെ (16) ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ "ഭരണഘടനയും ന്യൂനപക്ഷ അവകാശ സംരക്ഷണവും" എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഉദ്ഘാടനം ചെയ്യും.
ഭരണഘടനയും ന്യൂനപക്ഷ അവകാശ സംരക്ഷണവും, നവകേരള സൃഷ്ടിയും ന്യൂനപക്ഷ ക്ഷേമവും, സൂക്ഷ്‌മ ന്യൂനപക്ഷങ്ങൾ - പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ, അവകാശങ്ങൾ വിദ്യാഭ്യാസവും തൊഴിലും സാമൂഹിക സാമ്പത്തിക സുരക്ഷയും തുടങ്ങിയവ സംബന്ധിച്ച് ചർച്ച നടത്തി 2031 ഓടെ കേരളം എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ച നയരേഖ ആക്കുന്നതിന് വേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന മാർഗ്ഗദീപം സ്കോളർഷിപ്പ് വിതരണ ഉദ് ഘാടനവും ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെല്ലോഷിപ്പ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
കെ.ജെ.മാക്‌സി എം എൽ എ അധ്യക്ഷനാവുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം പി,മേയർ അഡ്വ. എം.അനിൽകുമാർ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ്, വിവിധ മത നേതാക്കൾ എന്നിവർ സംസാരിക്കും.
തുടർന്ന് മറ്റു വിഷയങ്ങളുടെ സെമിനാറുകളും നടക്കും.
വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും
- Log in to post comments