നവകേരള സൃഷ്ടിയും ന്യൂന പക്ഷ ക്ഷേമവും ചർച്ച ചെയ്ത് വിഷൻ 2031 ഏകദിന സെമിനാർ
നവകേരള സൃഷ്ടിയും ന്യൂന പക്ഷ ക്ഷേമവും ചർച്ച ചെയ്ത വിഷൻ 2031 ഏകദിന സെമിനാറിൽ ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്തു.
എൻ ആർ ഐ കമ്മീഷൻ ചെയർപേഴ്സൺ റിട്ടയർഡ് ജസ്റ്റിസ് സോഫി തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, സാംസ്കാരികം, സാമ്പത്തികം എന്നീ തലങ്ങളിലുള്ള ഉന്നമനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകണം. കുട്ടികൾക്ക് വ്യക്തിത്വ വികാസത്തിനുള്ള പരിശീലനം സ്കൂൾ തലം മുതൽ തുടങ്ങണം. അവരെ പൗരബോധമുള്ളവരായി വളർത്തുന്നതിനും മോശപ്പെട്ട സാഹചര്യങ്ങളിലേക്ക് പോകുന്നതിൽ നിന്ന് അവരെ തടയുന്നതിനുള്ള ഇടപെടൽ സമൂഹത്തിൽ നിന്നും ഉണ്ടാവണമെന്നും അവർ പറഞ്ഞു.
"നവകേരള സൃഷ്ടിയും ന്യൂന പക്ഷ ക്ഷേമവും" എന്ന വിഷയത്തിൽ നടന്ന സെമിനാറിന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ നേതൃത്വം നൽകി.ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. എ ബി മൊയ്തീൻകുട്ടി, പ്ലാനിംഗ് ബോർഡ് പ്രതിനിധി ജോസഫൈൻ എന്നിവർ വിഷയാവതരണം നടത്തി
സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ തിരിച്ചറിയാൻ സെൻസസ് കുറച്ച് കൂടി കാര്യക്ഷമാക്കേണ്ടതുണ്ട് എന്ന് പ്ലാനിംഗ് ബോർഡ് പ്രതിനിധി ജോസഫൈൻ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമത്തിന് ഒരു കേരളാ മോഡൽ നിർമ്മിച്ച് കൊണ്ടാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അവർ അഭിപ്രായപ്പെട്ടു
2031 ഓടെ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ഓരോ പൗരനും സാമൂഹിക- സാമ്പത്തിക വളർച്ച കൈവരിക്കുന്നതിലേക്കുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. എ ബി മൊയ്തീൻ കുട്ടി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ വിഭാഗത്തിൻ്റെ ഉയർച്ചക്കായി വിവിധ പ്രവർത്തനങ്ങളാണ് കേരള സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വിഭാഗത്തിലെ 40% വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജുകളുടെ ഗുണമേന്മ ഉറപ്പു വരുത്തണം. സ്കോളർഷിപ്പുകൾ ലഭ്യമാക്കുമ്പോൾ അതിൽ ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു.
- Log in to post comments