പശ്ചാത്തല വികസന മേഖലയിൽ കോതമംഗലത്തുണ്ടായത് വലിയ മാറ്റങ്ങൾ: മന്ത്രി പി.എ മുഹമ്മദ് റിയാസ്
*നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചിട്ടുള്ളത്.
വിനോദസഞ്ചാര മേഖലയ്ക്കും ഏറെ ഗുണകരമായ ഒരു പദ്ധതിയാണിത്. കോതമംഗലത്തിന്റെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ നിന്നും ഇടമലയാർ, വടാട്ടുപാറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാതയാണ് ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡ്. ഇന്ന് നമ്മുടെ രാജ്യത്തെ റോഡ് നിർമ്മാണ രീതിയിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന നിർമ്മാണ രീതിയാണ് ബി.എം ആന്റ് ബി.സി. ഈ രീതിക്ക് സാധാരണ ചിപ്പിംഗ് കാർപെറ്റ് റോഡ് നിർമ്മാണത്തേക്കാൾ ചെലവ് കൂടുതലാണ് .
2021 ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ, സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ വരുന്ന 50 ശതമാനം റോഡുകളും ബി.എം ആന്റ് ബി.സി റോഡുകളാക്കി മാറ്റണം എന്നായിരുന്നു ലക്ഷ്യമിട്ടത്. ആ ലക്ഷ്യം കൈവരിക്കാൻ പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിച്ചുകൊണ്ട് പുതിയ സംവിധാനം ഒരുക്കി. എണ്ണയിട്ട യന്ത്രം പോലെ ഈ സംവിധാനം ചലിച്ചതിൻ്റെ ഫലമായി, അഞ്ച് വർഷം കൊണ്ട് ലക്ഷ്യമിട്ടത് നാല് വർഷം കൊണ്ട് തന്നെ പൂർത്തിയാക്കാനായി .
പുതിയ റോഡുകൾ, പുതിയ പാലങ്ങൾ, പുതിയ കെട്ടിടങ്ങൾ അങ്ങനെ ജനങ്ങൾ സ്വപ്നം കാണുന്ന ഒട്ടേറെ പദ്ധതികളാണ് സർക്കാർ യാഥാർത്ഥ്യമാക്കി വരുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മലയോര ഹൈവേ. 13 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയാണ് മലയോര ഹൈവേ. ഇതിൽ 473 കിലോമീറ്റർ മലയോര ഹൈവേ ഇതിനകം പൂർത്തിയായി. ബാക്കിയുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. സംസ്ഥാനത്തെ ദേശീയപാത 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം 70 ശതമാനം പൂർത്തീകരിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന് പണം ചെലവഴിക്കുന്നത്. ഇതുവരെ 450 തോളം കിലോമീറ്റർ റോഡ് 45 മീറ്റർ വീതിയിൽ ആറുവരിയായ് മാറിക്കഴിഞ്ഞു. ബാക്കി പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
കോതമംഗലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണയാണ് ഇതുവരെ പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും നൽകി വരുന്നത്. ആ പിന്തുണ ഇനിയും തുടരും എന്നും അദ്ദേഹം പറഞ്ഞു.
വടാട്ടുപാറയിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ദാനി, റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കൊറമ്പേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ രാമചന്ദ്രൻ, വിജയമ്മ ഗോപി, സന്ധ്യ ലാലു, സൂപ്രണ്ടിംഗ് എൻജിനീയർ പി.വി ബിജി, എക്സിക്യൂട്ടീവ് എൻജിനീയർ കെ.കെ ഷാമോൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജൂലിൻ ജോസ്,
വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ
കെ.എ ജോയ്, ശാന്തമ്മ പയസ്, കെ.എം വിനോദ്, പൂയംകുട്ടി പള്ളി വികാരി ഫാ. ജോസ് ചിരപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments