Skip to main content

ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമങ്ങൾ ടൂറിസം മാപ്പിൽ ഇടം പിടിക്കുന്നു : മന്ത്രി മുഹമ്മദ് റിയാസ്

*കോടമ്പള്ളി ചിറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു 

 

 

ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമങ്ങൾ ടൂറിസം മാപ്പിൽ ഇടം പിടിക്കുന്നുവെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ ടൂറിസം വകുപ്പ്, ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി ആരംഭിച്ച കോടമ്പള്ളി ചിറ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കോവിഡിനുശേഷം കേരളത്തിലെ വിനോദസഞ്ചാര മേഖലയെ പുത്തൻ ഉണർവിലേക്ക് നയിക്കാൻ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്. ജനങ്ങളെ കേൾക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ് അതിലൂടെയാണ് ‘ഡെസ്റ്റിനേഷൻ ചാലഞ്ച്’ എന്ന നവീന പദ്ധതിക്ക് രൂപം കൊടുക്കാൻ സർക്കാരിന് സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

 

പൊതു ജനങ്ങൾക്ക് ഒരുമിച്ച് ഇരിക്കാനും, കളിക്കാനും, ആശയവിനിമയം നടത്താനും സാധിക്കുന്ന ഇടങ്ങൾ സമൂഹത്തിന് ആവശ്യമാണ്. 

പൊതുമരാമത്ത് വകുപ്പിന്റെ പുതിയ ദർശനമായ വി പാർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബമായി എത്തുന്നവർ, സ്ത്രികൾ എന്നിവർ അടക്കം എല്ലാവർക്കും സുരക്ഷിതമായി ഇരിക്കാൻ കഴിയുന്ന പൊതു ഇടങ്ങൾ

 ഒരുക്കാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു .

 

 എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്കുള്ളിലും സംസ്ഥാന ടൂറിസം വകുപ്പിൻ്റെയും, ഗ്രാമപഞ്ചായത്തിന്റെയും പങ്കാളിത്തത്തോടെ ഒരു വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്.സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കോടമ്പള്ളി ചിറ ടൂറിസം പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്.

 

കേരളത്തിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിലായി സ്ഥിതി ചെയ്യുന്ന, എന്നാൽ വികസനം ലഭിക്കാതെ നിൽക്കുന്ന ടൂറിസം കേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ടൂറിസം വകുപ്പ് 60% ഫണ്ടും, ശേഷിക്കുന്ന 40% തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ടും ഉപയോഗിച്ച് ഗ്രാമങ്ങളിലെ ടൂറിസം കേന്ദ്രങ്ങളെ ആധുനികമാക്കുകയാണ് ലക്ഷ്യം. 

 

 ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി.

 

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. എം. സലീം, ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡെയ്‌സി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. ആർ നാരായണൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. സി കൃഷ്‌ണൻകുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മുൻ എം എൽ എ സാജു പോൾ, മുൻ ടെൽക്ക് ചെയർമാൻ എൻ സി മോഹനൻ, ജില്ലാ വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ,വേങ്ങൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിബി കൊന്താലം, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.

 

 ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പെരുമ്പാവൂർ നാദസരോവരത്തിന്റെ ഗാനമേളയും അരങ്ങേറി.

 

date