ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് വിഷൻ 2031 സംസ്ഥാനതല സെമിനാർ
സംസ്ഥാന സർക്കാരിൻ്റെ വിഷൻ 2031 ഭാഗമായി നടന്ന സെമിനാറിൽ ന്യൂനപക്ഷ വിഭാഗത്തിലുള്ളവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചയായി. 'സൂക്ഷ്മ ന്യൂനപക്ഷങ്ങൾ : പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ചർച്ച നടന്നത്.
വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ നയിച്ച സെമിനാറിൽ വിവിധ മത ന്യൂനപക്ഷ പ്രതിനിധികൾ വിഷയാവതരണം നടത്തി.
ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന അഭിപ്രായം സെമിനാറിൽ ഉയർന്നു വന്നു. കേരളത്തിൽ ബുദ്ധമത വിശ്വാസികളുടെ ആരാധനാ സൗകര്യം വർദ്ധിപ്പിക്കുക, ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രത്യേക തൊഴിൽ റിക്രൂട്ട്മെൻറ് നിലവിൽ വരുത്തുക, ആംഗ്ലോ ഇന്ത്യൻ വിദ്യാർത്ഥികൾ, പഠിക്കുന്ന സ്കൂളുകളുടെ നിലവാരം ഉയർത്തുക, ആംഗ്ലോ ഇന്ത്യൻസിന്റെ ചരിത്രം പഠിപ്പിക്കുന്ന ചരിത്ര ഗവേഷണ കേന്ദ്രങ്ങൾ കൊണ്ടുവരിക തുടങ്ങി വിവിധ ആവശ്യങ്ങൾ സെമിനാറിൽ ഉന്നയിച്ചു.
ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് സാമ്പത്തിക സ്വയം പര്യാപ്തത സാധ്യമാക്കുക, എത്തിപ്പെടേണ്ട മേഖലകളെ കുറിച്ച് വിദ്യാർത്ഥികൾ തിരിച്ചറിവ് നൽകുക, ന്യൂനപക്ഷേ വിഭാഗങ്ങളിലുള്ള സ്ത്രീകളുടെ ശാക്തികരണം ഉറപ്പുവരുത്തുക, സർക്കാർ തലങ്ങളിൽ സിവിൽ സർവീസ് കോച്ചിംഗ് സെൻററുകൾ ആരംഭിക്കുക, വിധവകൾക്ക് ഭവന പുനരുദ്ധാരണത്തിനായി ധനസഹായം ലഭ്യമാക്കുന്ന ഇമ്പിച്ചി വാവ ഭവന പുനരുദ്ധാരണ പദ്ധതി വിപുലീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നുവന്നു.
- Log in to post comments