സമഗ്ര പുരോഗതിയുടെ പാതയിലൂടെ തിരുമാറാടി പഞ്ചായത്ത്
വികസന സദസ്സ് സംഘടിപ്പിച്ചു
വിവിധ മേഖലകളിൽ കൈവരിച്ച വികസന നേട്ടങ്ങൾ വിശദീകരിച്ചത് തിരുമാറാടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. ടാഗോർ ഹാളിൽ നടന്ന സദസ്സ് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷത്തെ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ അടങ്ങിയ വികസന രേഖ മുൻ എം.എൽ.എ എം. ജെ. ജേക്കബ്ബ് പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.കെ.വിജയൻ വികസന രേഖ ഏറ്റുവാങ്ങി.
തിരുമാറാടി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് പ്രഖ്യാപിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.പി റെജി മോൻ വികസന റിപ്പോർട്ട് അവതരിപ്പിച്ചു.
അടിസ്ഥാനസൗകര്യ വികസനം, അതിദാരിദ്ര്യ നിർമ്മാർജനം, ലൈഫ് മിഷൻ പദ്ധതി, മാലിന്യമുക്ത നവകേരളം, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, ഗ്രാമീണ റോഡുകൾ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങി എല്ലാ മേഖലകളിലും പഞ്ചായത്തിന് ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിയാണ് പഞ്ചായത്ത് പ്രവർത്തിച്ചത്. നെൽകൃഷി പ്രോത്സാഹനം, സബ്‌സിഡി വിതരണം, ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം, സുഭിക്ഷ കേരളം പദ്ധതി, തരിശ് കൃഷി പ്രോത്സാഹനം, പച്ചക്കറി തൈകളും ഫലവൃക്ഷ തൈകളും വിതരണം, കിഴങ്ങുവർഗങ്ങൾക്കും തെങ്ങ് കൃഷിക്കും സബ്‌സിഡി എന്നിവയിലൂടെ കാർഷിക ഉത്പാദനം വർധിപ്പിക്കാൻ കഴിഞ്ഞു.
ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക വളർച്ചക്കും പോഷകാഹാര സുരക്ഷക്കും പിന്തുണ നൽകുന്നതിനായി കറവപ്പശു, പെണ്ണാട്, മുട്ടക്കോഴി, പോത്തിൻകുട്ടി വിതരണപദ്ധതികൾ നടപ്പിലാക്കി. ഇതിലൂടെ ക്ഷീരോൽപ്പാദനം വർധിപ്പിക്കാനും സ്ത്രീകൾക്കും ചെറുകിട കർഷകർക്കും സ്വയം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വ്യാപനത്തിനെതിരെ പഞ്ചായത്തിന്റെ ഇടപെടലുകൾ ജില്ലാതലത്തിൽ തന്നെ മാതൃകയായി. ജില്ലയിലെ ആദ്യ എഫ്.എൽ.ടി.സി. (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) തിരുമാറാടിയിലെ ടാഗോർ ഹാളിൽ ആരംഭിച്ചത് നിരവധി പേർക്ക് ആശ്വാസമായി. കുടുംബാരോഗ്യ കേന്ദ്രം, മണ്ണത്തൂർ ആയുർവേദ ആശുപത്രി, കാക്കൂർ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ വിവിധ ആരോഗ്യ പരിപാടികൾ നടപ്പാക്കി. പാലിയേറ്റീവ് കെയർ, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷൻ, ഷീകപ്പ് വിതരണം, ക്യാൻസർ നിയന്ത്രണം, രോഗികൾക്ക് ധനസഹായം, മരുന്ന് വിതരണം, ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവ ഈ രംഗത്തെ പ്രധാന നേട്ടങ്ങളാണ്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം പൂർത്തീകരണ ഘട്ടത്തിലാണ്, അത് പ്രവർത്തനം ആരംഭിക്കുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി പാർപ്പിടം, കുടിവെള്ളം, ഗതാഗതം, തൊഴിൽ എന്നീ മേഖലകളിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി. റോഡുകളുടെ പുനരുദ്ധാരണം, കോൺക്രീറ്റ് നിർമ്മാണം എന്നിവക്കായി 13.11 കോടി രൂപ വിനിയോഗിച്ചു.
ലൈഫ് മിഷൻ, പി.എം.എ.വൈ, പഞ്ചായത്തിൻ്റെ സ്വന്തം ഭവന പുനരുദ്ധാരണ പദ്ധതികൾ തുടങ്ങിയവയിലൂടെ 94 ഭവനങ്ങൾ നിർമിച്ചു നൽകി. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയിലൂടെ ഭക്ഷ്യകിറ്റുകൾ, മരുന്ന്, അവകാശ രേഖകൾ എന്നിവ വിതരണം ചെയ്തു. വീടുകളുടെ അറ്റകുറ്റപ്പണി, ഭൂരഹിതർക്കും ഭവനരഹിതർക്കും വീടുകൾ നിർമ്മിച്ചു നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ 35 അതിദരിദ്ര കുടുംബങ്ങളെ മുൻധാരയിലേക്ക് കൊണ്ടുവന്നുയെന്നും റിപ്പോർട്ടിൽ പറയുന്നു.
പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വിവിധ പദ്ധതികൾ നടപ്പിലാക്കി. അങ്കണവാടികളുടെ വികസനത്തിനായി 73.78 ലക്ഷം രൂപയുടെ പദ്ധതികളും പഞ്ചായത്ത് നടപ്പാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു.
ചടങ്ങിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൽ മുഖ്യ പങ്ക് വഹിച്ച ഹരിതകർമ്മ സേനാംഗങ്ങളെ എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം പി.ബി. രതീഷ് ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, സി.ഡി. എസ് പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
- Log in to post comments