എന്റെ ഭൂമി ഇന്റഗ്രേറ്റഡ് സംവിധാനത്തിന് വലിയ സാധ്യത
എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സംവിധാനത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്ന് വിലയിരുത്തി സർവെയും ഭൂരേഖയും വകുപ്പിന്റെ വിഷൻ 2031 ൻ്റെ ഭാഗമായി നടന്ന സംസ്ഥാനതല സെമിനാർ. സെമിനാറിന്റെ ഭാഗമായി
''ഫ്രം ഡിജിറ്റൽ സർവെ ടു കൺക്ലൂസീവ് ടൈറ്റിൽ- ബിൽഡിംഗ് - എ ട്രാൻസ്പരന്റ് ആന്റ് സെക്യുർ ലാൻഡ് സിസ്റ്റം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് അഭിപ്രായം ഉയർന്നത്.
ഇതിനോടകം തന്നെ 'എന്റെ ഭൂമി ' സംവിധാനം മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയായിട്ടുണ്ടെന്ന് 'ഭൂമി ഉടമസ്ഥത സംബന്ധിച്ച വിവരങ്ങളുടെ സുരക്ഷിതത്വവും തത്സമയവുമായ പുതുക്കലുകൾ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ച രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ കെ.മീര പറഞ്ഞു. കേരളത്തിന്റെ ഭൂപ്രശ്നങ്ങൾക്ക് ഒരു സ്ഥായിയായ പരിഹാരം എന്ന രീതിയിൽ തന്നെയാണ് എൻ്റെ ഭൂമി പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. ഈ സംവിധാനത്തിന്റെ ഭാവി പ്രവർത്തനങ്ങളെയും വെല്ലുവിളികളെ പറ്റിയും സെഷനിൽ ചർച്ച ചെയ്തു.
"ഡിജിറ്റൽ കഡാസ്ട്രേ നിർമ്മാണം: പിഴവുകൾ ഇല്ലാത്ത സംവിധാനം ഉറപ്പാക്കൽ" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ്
സർവെ ഓഫ് ഇന്ത്യ മുൻ അഡീഷണൽ സർവെയർ ജനറൽ പി.വി രാജശേഖർ സംസാരിച്ചത്. ഡിജിറ്റൽ സർവെയിലെ ഡാറ്റ സ്റ്റാൻഡേർഡ് കൃത്യമായി കാത്തുസൂക്ഷിക്കണമെന്നും നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ
സർവെയുമായി ബന്ധപ്പെട്ട് ഡീഡുകൾ ഇന്റഗ്രേറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി തർക്കങ്ങൾ സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികൾ എന്തൊക്കെയാണ് എന്നതിൽ ഊന്നിയാണ് ഐ.എൽ.ഡി.എം ഡയറക്ടറും റവന്യൂ ഡെപ്യൂട്ടി സെക്രട്ടറിയുമായ അനു.എസ്. നായർ പാനൽ ചർച്ചയിൽ സംസാരിച്ചത്. ഭൂമി സംബന്ധമായി പൊതുവെ ഉയർന്നുവരുന്ന പ്രശ്നങ്ങളും തർക്കങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഡിജിറ്റൽ സർവെ ഡാറ്റയുടെ പിൻബലത്തിൽ നിയമപരമായ ഭൂമി ടൈറ്റിലുകൾ നൽകൽ എന്ന കാര്യത്തിൽ അധിഷ്ഠിതമായാണ് പ്രശസ്ത പരിസ്ഥിതി - നിയമവിദഗ്ധൻ അഡ്വ. ഹരീഷ് വാസുദേവൻ പാനൽ ചർച്ചയിൽ സംസാരിച്ചത്. ഏറ്റവും സുപ്രധാനമായ ഒരു പ്രവൃത്തിയാണ് സർവെ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ സർവെ കഴിഞ്ഞ് അടുത്തഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഉയർന്നു വന്നേക്കാവുന്ന വെല്ലുവിളികളെ പറ്റിയും അദ്ദേഹം വിശദീകരിച്ചു.
സർവെ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു ചർച്ചയിൽ മോഡറേറ്ററായി.
- Log in to post comments