Skip to main content

വികസന മുന്നേറ്റങ്ങൾ ചർച്ച ചെയ്ത് രാമമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ച് രാമമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി വി സ്റ്റീഫൻ സദസ്സ് ഉദ്ഘാടനം ചെയ്തു.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി എൽദോ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി വി ജോർജ് വികസന റിപ്പോർട്ട് അവതരിപ്പിച്ചു.

 

ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി 78 കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകി. നാല് ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 3,04,50,040 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. ഇതിനുപുറമേ 121 ഭവനങ്ങൾ പുനരുദ്ധാരണം ചെയ്തു.

 

രാമമംഗലം ഗ്രാമപഞ്ചായത്ത് അതിദാരിദ്രമുക്ത പഞ്ചായത്തായി മാറി. അതിദാരിദ്ര നിർമ്മാർജന പദ്ധതിയുടെ ഭാഗമായി 3,89,265 രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്. പദ്ധതിയിലൂടെ അതിദരിദ്രരായ കുടുംബങ്ങളെ മുൻധാരയിലേയ്ക്ക് കൊണ്ടുവരാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിച്ചു.

 

ഡിജി കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 167 പഠിതാക്കളുടെ മൂല്യനിർണയം പൂർത്തിയാക്കി. വിവിധ സാമൂഹ്യ ക്ഷേമപെൻഷനുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് പഞ്ചായത്തിന് സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 

മാലിന്യസംസ്‌കരണ രംഗത്ത് പഞ്ചായത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വിജിലൻസ് സ്ക്വാഡ് പരിശോധന, വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ, കുട്ടികളുടെ ഹരിതസഭ, ഹരിതമിത്രം ആപ്പ് തുടങ്ങിയ പദ്ധതികൾ വഴി ശുചിത്വവും പരിസ്ഥിതി ബോധവും വളർത്താൻ സാധിച്ചു. 

 

പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി 170 രോഗികൾക്ക് ഹോം കെയർ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിനും സാമൂഹ്യ പിന്തുണയ്ക്കുമായി 4,00,53,834 രൂപ ചെലവഴിച്ചു. പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി ഓപ്പൺ ജിം, അങ്കണവാടി, ക്രഷ്, വനിതാ വിശ്രമകേന്ദ്രം, ഹോമിയോ പെരിഫറൽ ഒ.പി., കമ്മ്യൂണിറ്റി ഹാൾ നവീകരണം തുടങ്ങിയ പദ്ധതികളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി. 

 

 പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, സി ഡി എസ് പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date