ഭൂരഹിതരില്ലാത്ത കേരളം സാക്ഷാത്കരിക്കുക ലക്ഷ്യം:മന്ത്രി കെ. രാജൻ
* അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പാണ്ടുപാറ നിവാസികൾക്ക് പട്ടയം വിതരണം ചെയ്തു.
ഭൂരഹിതരില്ലാത്ത കേരളം സാക്ഷാത്കരിക്കുക എന്ന മഹത്തായ ലക്ഷ്യവുമായി റവന്യൂ വകുപ്പ് മുന്നേറുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. അമലാപുരം സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ നടന്ന പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 4 ലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ സർക്കാരിന് സാധിച്ചു.
ഭൂരഹിതർക്കായി ഒരുക്കിയ പട്ടയ മിഷൻ കേരളത്തിന്റെ ചരിത്രത്തിൽ അത്ഭുതകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. തലമുറകളായി ഭൂമിയിൽ താമസിച്ചിട്ടും ഭൂമിയുടെ അവകാശം ലഭിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അവകാശ രേഖ ലഭ്യമാക്കുക എന്നത് സർക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ റീസർവെ മുഖേന ഭൂമിയുടെ ഉടമയ്ക്ക് വ്യക്തമായ അതിരടയാളങ്ങൾ ഒരുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. നിയമങ്ങളും ചട്ടങ്ങളും പൊതുജനങ്ങളുടെ അവകാശങ്ങൾക്ക് തടസ്സമാകുന്ന സാഹചര്യങ്ങളിൽ ആവശ്യമായ ഭേദഗതികൾ ചെയ്യാൻ സർക്കാർ മടി കാണിക്കില്ല.
പട്ടയം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം എന്നുള്ളത് രണ്ടര ലക്ഷം രൂപയായി ഉയർത്താനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിലൂടെ അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ പാണ്ടുപാറ നിവാസികളായ 71 കുടുംബങ്ങൾക്കാണ് ചടങ്ങിൽ പട്ടയം വിതരണം ചെയ്തത്.പട്ടയം ലഭിക്കുന്നതിൽ 80 വർഷമായി ഇവർക്ക് തടസ്സം നേരിട്ടു വരികയായിരുന്നു .
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അനി മോൾ ബേബി, അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ്, പാണ്ടുപാറ വാർഡ് മെമ്പർ എം എം ഷൈജു, വാർഡ് മെമ്പർമാർ, ജില്ലാ കളക്ടർ ജി പ്രിയങ്ക, സബ് കളക്ടർ ഗ്രന്ധ സായികൃഷ്ണ, ജില്ലാ അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ എൽ ആർ സുനിത ജേക്കബ്, ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ആലുവ തഹസിൽദാർ ഡിക്സി ഫ്രാൻസിസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ,വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments