Skip to main content

സർവെയും ഭൂരേഖയും വകുപ്പ് ആവിഷ്കരിക്കേണ്ട നൂതന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് വിഷൻ 2031

ഭാവി കേരളത്തെ കെട്ടിപ്പടുക്കാൻ സർവെയും ഭൂരേഖയും വകുപ്പ് ആവിഷ്കരിക്കേണ്ട നൂതന പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് വിഷൻ 2031 ഏകദിന സെമിനാർ. 

 

 ഫ്യൂച്ചർ - റെഡി കേരള - ലാൻ്റ് ഡാറ്റ ആസ് ഫൗണ്ടേഷൻ ഫോർ ബിൽഡിംഗ് എ സസ്റ്റെയിനബിൾ ആൻഡ് ഇൻവെസ്റ്റബിൾ കേരള എന്ന പാനൽ ചർച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉരുത്തിരിഞ്ഞു വന്നത് .

 

വകുപ്പ് ഡയറക്ടർ സീറാം സാമ്പശിവ റാവുവിൻ്റെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ചയിൽ പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ. ജിജു പി. അലക്സ്, തിരുവനന്തപുരം സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്ണ ശർമ്മ, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ഡയറക്ടർ ഡോ. ടി.ടി. സുനിൽ, കുഫോസ് റിമോർട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ് മേധാവി പ്രൊഫ. ഗിരീഷ് ഗോപിനാഥ് എന്നിവർ വിഷയാവതരണം നടത്തി.

 

സ്മാർട്ട് ഭൂമി ഡാറ്റ നഗര വികസനത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ച് പ്രൊഫ. ജിജു പി. അലക്സ് സംസാരിച്ചു. ലഭ്യമായ ഭൂമിയെ കൂടുതൽ സൂക്ഷ്മതയോടെ ഉപയോഗിക്കണം. അതിനായി പുതിയ സംവിധാനങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 

ഡിജിറ്റൽ റീസർവെ പൂർണമാകുന്നതോടെ വലിയൊരു വിവര വ്യൂഹം സൃഷ്ടിക്കാനാകും. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരിലുള്ള ഭൂമിയെ അവരുടെ സ്വത്ത് എന്നതിലുപരിയായി സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ വിഭവസ്രോതസ്സായി കാണണം. അത് കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിന് ഉതകുന്ന തരത്തിലുള്ള ആസൂത്രണ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

 'കേരളത്തിൻ്റെ 4ഡി ഡിജിറ്റൽ ട്വിൻ : ഭാവിക്കായുള്ള ഡാറ്റ അധിഷ്ഠിത കാഴ്ചപ്പാട്, നിരീക്ഷണ സംവിധാനം, ആസൂത്രണം' എന്ന വിഷയം രാഹുൽ കൃഷ്ണ ശർമ്മ അവതരിപ്പിച്ചു.

 

 നഗരവൽക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിൽ ഡ്രോൺ സർവേയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

 

ജിയോ സ്പെഷ്യൽ ഇൻ്റലിജൻസ് വഴി കേരളത്തിൻ്റെ അതിജീവന ശേഷി വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ദുരന്തസാധ്യത മാപ്പിങ്, പ്രതികരണം എന്നിവയെക്കുറിച്ചും പ്രൊഫ. ഗിരീഷ് ഗോപിനാഥ് സംസാരിച്ചു. 

 

 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സാറ്റലൈറ്റ് എന്നിവയുടെ സഹായത്തോടെ തയ്യാറാക്കുന്ന മാപ്പുകൾ വഴി ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഏകീകൃത ഡാറ്റാ ഇക്കോ സിസ്റ്റത്തെ കുറിച്ച് ഡോ. ടി.ടി സുനിൽ സംസാരിച്ചു. 

 പൗരന്മാരെ കുറിച്ചുള്ള വിവരങ്ങളും പ്രകൃതി വിഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഭരണകൂടത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഇവയെ ഏകീകരിക്കുന്നത് വഴി വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

date