Skip to main content

ട്രാക്കോ കേബിൾ കമ്പനിയുടെ ഭൂമി ഇൻഫോപാർക്ക് വികസനത്തിനായി കൈമാറും

*ഇൻഫോപാർക്ക് നാലാം ഘട്ട വികസനത്തിനായി കൈമാറുന്നത് ഇരുമ്പനത്തെ 33.5 ഏക്കർ ഭൂമി*

 

ഇൻഫോപാർക്ക് വികസനത്തിന്റെ നാലാം ഘട്ടത്തിനായി വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഇരുമ്പനത്തെ 33.5 ഏക്കർ ഭൂമി ഇൻഫോപാർക്കിന് കൈമാറാൻ സർക്കാർ തീരുമാനിച്ചു. ലാൻഡ് പൂളിംഗ് മുഖേന വിഭാവനം ചെയ്തിട്ടുള്ള ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിന് ശേഷം ഏറ്റെടുക്കുന്ന ഫേസ് - 4 നായാണ് ഭൂമി കൈമാറുന്നത്. ഇൻഫോപാർക്കിന്റെ അഭ്യർത്ഥന അംഗീകരിച്ചാണ് സർക്കാരിൻ്റെ തീരുമാനമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സീപോർട്ട്- എയർപോർട്ട് റോഡിന് സമീപമുള്ള ഭൂമിയിൽ ഇൻഫോപാർക്ക് ഫേസ് 4 യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

 

ഭൂമി കൈമാറ്റ സംബന്ധിച്ച വ്യവസ്ഥകൾക്ക് അന്തിമരൂപം നൽകുന്നതിനായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, ഇൻഫോപാർക്ക് സിഇഒ, ട്രാക്കോ കേബിൾ കമ്പനി എംഡി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിക്ക് നേരത്തെ രൂപം നൽകിയിരുന്നു. ഇൻഫോപാർക്കും ട്രാക്കോ കേബിൾ കമ്പനിയും പരസ്പര ധാരണയോടെ അംഗീകരിക്കുന്ന വില ഒടുക്കി ഭൂമി കൈമാറ്റം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് ഭൂമി കൈമാറാനും ധാരണയായിരുന്നു. 

 

ഭൂമി കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക ട്രാക്കോ കേബിളിൻ്റെ ഭാവി വികസനത്തിനുപയോഗിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തൊഴിലാളികളുടേതുൾപ്പെടെയുള്ള ബാധ്യതകൾ തീർക്കാനും ഇതിലൂടെ കഴിയും. കമ്പനിയുടെ ഇരുമ്പനം തിരുവല്ല യൂണിറ്റുകൾ ലയിപ്പിക്കുന്നതിന് ട്രേഡ് യൂണിയനുകളുമായി നടത്തിയ ചർച്ചക്ക് ശേഷം തീരുമാനിച്ചിരുന്നു.

date