Skip to main content

അഞ്ച് വർഷത്തെ വികസന രേഖയുമായി വാളകം ഗ്രാമപഞ്ചായത്ത്

*വികസന സദസ്സ് സംഘടിപ്പിച്ചു

 

അഞ്ചു വർഷക്കാലയളവിൽ കൈവരിച്ച വികസന നേട്ടങ്ങൾ വിവരിച്ച് വാളകം ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് നടന്നു. ടി.വി എബ്രഹാം മെമ്മോറിയൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സദസ്സ് വാളകം ഗ്രാമപഞ്ചായത്ത് അംഗം പി.പി. മത്തായി ഉദ്ഘാടനം ചെയ്തു. 

 

വാളകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.

 

കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ലൈഫ് ഭവന പദ്ധതി, സാമൂഹ്യ നീതി, വനിതാ ശിശു വികസനം, പട്ടികജാതി വികസനം, ആരോഗ്യം, വിദ്യാഭ്യാസം, അതിദാരിദ്ര്യ നിർമാർജനം, മാലിന്യ സംസ്കരണം തുടങ്ങി നിരവധി മേഖലകളിലാണ് വാളകം ഗ്രാമപഞ്ചായത്ത് മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചത്. 

 

സർവ്വേയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ 31 അതിദരിദ്രർക്ക് ആവശ്യമായ ക്ഷേമപ്രവർത്തനങ്ങൾ നടത്തി. അങ്ങിനെ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. 

 

ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 85 ഭവനങ്ങളാണ് പഞ്ചായത്തിൽ നിർമ്മിച്ചത്. ഇതിനായി 2,03,99,444 രൂപ ചെലവഴിച്ചു. 

 

പട്ടികജാതി വിഭാഗത്തിലുള്ളവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, പഠനമുറി, സ്കോളർഷിപ്പ് എന്നിവ വിതരണം, പട്ടിക ജാതിയിലുള്ള വയോജനങ്ങൾക്ക് കട്ടിൽ വിതരണം, ഈ വിഭാഗത്തിലുള്ളവർക്ക് വീട് പുനരുദ്ധാരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടക്കുന്നു. 

 

ആരോഗ്യം മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പകർച്ചവ്യാധി പ്രതിരോധ പരിപാടി, പാലിയേറ്റീവ് കെയർ, ക്യാൻസർ നിയന്ത്രണ പരിപാടി, കാരുണ്യ സ്പർശം, അതിദരിദ്രർക്ക് സൗജന്യ മരുന്ന് വിതരണം, സ്ത്രീകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടന്നു. 

 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date