വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി കുമ്പളം ഗ്രാമപഞ്ചായത്ത്
സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ ചർച്ച ചെയ്ത് കുമ്പളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു.പനങ്ങാട് ശ്രീ മഹാഗണപതി ഓഡിറ്റോറിയത്തിൽ നടന്ന സദസ്സ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ അധ്യക്ഷനായി.
പഞ്ചായത്തിന്റെ സമഗ്ര വികസന നേട്ടങ്ങള്‍ അടങ്ങിയ വികസന രേഖ പരിപാടിയില്‍ അവതരിപ്പിച്ചു. സാമൂഹിക ക്ഷേമം, ഭവനനിര്‍മ്മാണം, മാലിന്യനിര്‍മാര്‍ജനം, ഡിജിറ്റല്‍ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, മൃഗ സംരക്ഷണം കൃഷി വികസനം തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് കുമ്പളം ഗ്രാമപഞ്ചായത്ത് കൈവരിച്ചത്.
കായലുകളാലും, തണ്ണീർത്തടങ്ങളാലും ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായ കുമ്പളം കാർഷിക മേഖലയിൽ സമഗ്രമായ വളർച്ച കൈവരിച്ചിട്ടുണ്ട്.ഒരു കോടിയോളം രൂപയുടെ പദ്ധതികളാണ് കൃഷിയുടെ വ്യാപനത്തിനായി പഞ്ചായത്ത് ചെലവഴിച്ചത്.
മത്സ്യമേഖലയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്ന പഞ്ചായത്ത് കൂടിയാണ് കുമ്പളം. പഞ്ചായത്തിലെ 35 മത്സ്യ തൊഴിലാളികൾക്ക് ജീവിതനിലവാരം ഉയർത്തുന്നതിനായി വഞ്ചി വല പദ്ധതി, ഐസ് ബോക്സ് പദ്ധതി,മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭാസ നിലവാരം ഉയർത്തുന്നതിന് ലാപ്ടോപ്, ഫർണീച്ചർ എന്നിവയും വിതരണം ചെയ്തിട്ടുണ്ട്.
ലൈഫ് മിഷൻ മുഖേന 131 ഗുണഭോക്താക്കൾക്കാണ് വീടുകൾ നൽകിയത്.പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ഗവ.എൽ പി സ്കൂളിൽ 3 ലക്ഷം രൂപ ചെലവഴിച്ച് എല്ലാ വർഷവും സൗജന്യ പ്രഭാത ഭക്ഷണം നൽകി വരുന്നുണ്ട്.സ്കൂളിലെ അടിസ്ഥാനവികസനങ്ങൾ ഉറപ്പാക്കുന്നതിനും പഞ്ചായത്ത് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.
മൃഗസംരക്ഷണ മേഖലയിൽ 54.87 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കി .
.ചടങ്ങിൽ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കാർമലി,വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.ആർ രാഹുൽ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സീത ചക്രപാണി,വാർഡ് മെമ്പർമാരായ പി.എ മാലിക്,എ.കെ സജീവൻ,അസിസ്റ്റന്റ് സെക്രട്ടറി എൽ രാജേശ്വരി തുടങ്ങിവർ സംസാരിച്ചു.
- Log in to post comments