പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ വികസന സദസ്സും തൊഴിൽമേളയും സംഘടിപ്പിച്ചു
പാമ്പാക്കുട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വികസന സദസ്സും തൊഴിൽമേളയും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി വി.ജി. രഞ്ജിത്ത് ഗ്രാമപഞ്ചായത്ത് വികസന റിപ്പോർട്ട് അവതരിപ്പിച്ചു.
അതിദരിദ്രരായ 13 കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പഞ്ചായത്തിന് സാധിച്ചു. ഡിജി കേരളം പദ്ധതിയിൽ 1281 പഠിതാക്കളുടെ പഠനം പൂർത്തീകരിക്കുകയും, ഗ്രാമപഞ്ചായത്തിലെ അർഹരായ എല്ലാവർക്കും ക്ഷേമ പെൻഷൻ ലഭ്യമാക്കുകയും ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 52 കുടുംബങ്ങൾക്ക് വീട് പണിതുനൽകി, 20 വീടുകളുടെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണവും ഹരിതവികസനവും ലക്ഷ്യമാക്കി ന്യൂ ട്രീ ഗാർഡൻ പദ്ധതിയുടെ ഭാഗമായി അങ്കണവാടികൾക്ക് സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ് എന്നിവ നിർമ്മിച്ച് നൽകി. പതിമൂന്ന് മിനി എം.സി.എഫുകൾ സ്ഥാപിച്ചു. കിണർ റീചാർജിംഗ്, മണ്ണ് റോഡുകൾ കോൺക്രീറ്റിംഗ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.
മാലിന്യ സംസ്കരണ രംഗത്തും ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു. വാതിൽപ്പടി ശേഖരണം, ഹരിത കർമ്മസേന, പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിക്കൽ, ഹരിതമിത്രം പദ്ധതികൾ എന്നിവ നടപ്പിലാക്കി.
പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായി 321 രോഗികൾക്ക് പരിചരണം നൽകുന്നു. ഇതിനായി 25.5 ലക്ഷം രൂപ ചെലവഴിച്ചു. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 5.97 കോടി രൂപ ചെലവഴിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അരീക്കൽ വെള്ളച്ചാട്ടത്തെയും കൊച്ചരിക്കൽ ഗുഹയേയും ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി വളർത്തിയെടുക്കുന്നതിന് സാധിച്ചു. പൊതുജന പങ്കാളിത്തത്തോടെ അരീക്കൽ ഫെസ്റ്റ് നടത്തി. വിനോദ സഞ്ചാരികളുടെ വർദ്ധനവിനെ തുടർന്ന് പഞ്ചായത്തിന് വരുമാന വർധനവുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു.
- Log in to post comments