സമഗ്ര മേഖലകളിലും മുന്നേറ്റവുമായി കൂത്താട്ടുകുളം നഗരസഭ
* വികസന സദസ്സ് സംഘടിപ്പിച്ചു
അഞ്ച് വർഷകാലത്തെ പ്രവർത്തന മികവ് വിളിച്ചോതി കൂത്താട്ടുകുളം നഗരസഭ വികസന സദസ്സ് നടന്നു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കലാ രാജു ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർമാൻ പി ജി സുനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ റിസോഴ്സ് പേഴ്സൺ ബാലകൃഷ്ണൻ സംസ്ഥാനതല വികസന റിപ്പോർട്ടും നഗരസഭാ സെക്രട്ടറി എസ് ഷീബ നഗരസഭ വികസന റിപ്പോർട്ടും അവതരിപ്പിച്ചു.
അതിദാരിദ്ര്യ നിർമാർജനത്തിൽ സമ്പൂർണ്ണത കൈവരിച്ച് നഗരസഭ മികച്ച മുന്നേറ്റം കൈവരിച്ചു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 1309 പഠിതാക്കളുടെ പരിശീലനം പൂർത്തിയാക്കുകയും, ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 236 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുകയും ചെയ്തു. വാതിൽപ്പടി ശേഖരണം, ഹരിത കർമ്മസേന, ഹരിതമിത്രം, ജൈവമാലിന്യ സംസ്കരണ സംവിധാനം ഒരുക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയതോടെ നഗരസഭ മാലിന്യമുക്തമാക്കാൻ സാധിച്ചു.
ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രം നവീകരണം, വയോജനക്ഷേമ പ്രവർത്തനങ്ങൾ, വെൽനെസ് സെന്ററുകൾ, ജേക്കബ് ഫിലിപ്പ് മെമ്മോറിയൽ ഗവ. ആയുർവേദ ആശുപത്രി കെട്ടിടനിർമാണം, ടേക്ക്-എ-ബ്രേക്ക് പദ്ധതി, സ്കൂളുകൾ, ലൈബ്രറികൾ, അങ്കണവാടികൾ എന്നിവയുടെ നവീകരണം, വെങ്കുളം-വിലങ്ങപ്പാറ കുളം നവീകരണം, കുടിവെള്ളപദ്ധതികളുടെ നവീകരണം, കാർഷികവികസന പ്രവർത്തനങ്ങൾ, റോഡ് നവീകരണം, പ്രൈവറ്റ് ബസ് സ്റ്റാൻഡ് നവീകരണം, ഉഴവൂർ തോട് ഫെൻസിംഗ്, സ്റ്റേഡിയം നവീകരണം തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ നഗരസഭ പൂർത്തിയാക്കി.
വികസന സദസ്സിന്റെ ഭാഗമായി തൊഴിൽമേളയും സംഘടിപ്പിച്ചിരുന്നു.
ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അംഗങ്ങൾ, നഗരസഭ അംഗങ്ങൾ, ഹരിത കർമ്മ സേന പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, നഗരസഭ ഉദ്യോഗസ്ഥർ, സിഡിഎസ് അംഗങ്ങൾ, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments