Skip to main content

എന്റെ ഭൂമി' പോർട്ടൽ വിപ്ലവം സൃഷ്ടിക്കും: നൂതന ആശയങ്ങൾ ചർച്ച ചെയ്ത് സർവെയും ഭൂരേഖയും വകുപ്പ് സെമിനാർ

സംസ്ഥാനത്തെ ഭൂഭരണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള നിർണ്ണായക ചുവടുവെപ്പുകൾ ചർച്ച ചെയ്ത് 'വിഷൻ 2031'ൻ്റെ ഭാഗമായി നടന്ന സർവെയും ഭൂരേഖയും വകുപ്പ് സംസ്ഥാനതല സെമിനാർ.

സെമിനാറിൽ, "സ്മാർട്ട് സാങ്കേതികവിദ്യകളിലൂടെ സുതാര്യവും പൗരകേന്ദ്രീകൃതവുമായ ഭൂഭരണത്തിലേക്ക് (Towards Transparent and Citizen-Centric Land Governance through Smart Technologies)" എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച ശ്രദ്ധേയമായി. 

 

ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്നതിനും, ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനുമുള്ള നൂതന ആശയങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞു. സ്മാർട്ട് യുഗത്തിലെ ഭൂഭരണ പരിഷ്കരണങ്ങളുടെ രൂപരേഖ വ്യക്തമാക്കുന്നതായിരുന്നു സെമിനാർ. എൻഐസി ഡെപ്യൂട്ടി ഡയറക്ടർ ബി.ജി ശ്യാം കൃഷ്ണ, ട്രിനിറ്റി എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ. അരുൺ സുരേന്ദ്രൻ, കേരള യൂണിവേഴ്സിറ്റി ഇന്നവേഷൻ ആൻഡ് ടെക്നോളജി പ്രൊഫസർ ആൻഡ് ഡീൻ (അക്കാഡമിക്സ്) ഡോ. അഷറഫ് എന്നിവർ വിഷയം സംബന്ധിച്ച് സെമിനാറിൽ ആശയങ്ങൾ പങ്കുവെച്ചു. സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു പാനൽ ചർച്ചയിൽ മോഡറേറ്ററായി. 

 

എന്റെ ഭൂമി' പോർട്ടൽ കേരളത്തിലെ ഭൂമി ഇടപാടുകളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ബി.ജി ശ്യാംകൃഷ്ണ പറഞ്ഞു. "ഭൂമി ഇടപാടുകൾക്കായി തടസ്സമില്ലാത്ത പൗരസേവനങ്ങൾ ഏകീകൃതഭൂമി സേവന പോർട്ടർ - എന്ന വിഷയത്തെ മുൻനിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിൽ മികച്ച രീതിയിൽ ഉപയോഗിക്കുന്ന സ്വകാര്യ ഓൺലൈൻ ആപ്ലിക്കേഷനുകളുടെ സൗകര്യവും, സുതാര്യതയും സർക്കാർ സേവനങ്ങളായ 'എൻ്റെ ഭൂമി' പോർട്ടലിൽ കൊണ്ടുവന്ന് ഉപഭോക്തൃ സൗഹൃദമാക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ ഭൂരേഖകളുടെ സമഗ്രമായ ഡിജിറ്റൈസേഷൻ, കൃത്യത ഉറപ്പുവരുത്തുന്ന മാപ്പ്-ഫസ്റ്റ് സമീപനം, സർവ്വേ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ വിവരങ്ങൾ ഏകീകരിക്കുന്ന ഇൻ്റഗ്രേറ്റഡ് സംവിധാനം എന്നിവ എൻ്റെ ഭൂമി പോർട്ടലിൻ്റെ അടിത്തറയാണ്. 

 

സർവെ വിവരങ്ങൾ തത്സമയം പൗരന്മാർക്ക് ലഭ്യമാക്കാനുള്ള സൗകര്യം, വിവിധ ഘട്ടങ്ങളിൽ പരാതികൾ നൽകാനുള്ള സംവിധാനം, സിംഗിൾ സൈൻ-ഓൺ, പാസ്‌വേർഡ് രഹിത ലോഗിൻ പോലുള്ള നൂതന ഫീച്ചറുകൾ, മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകൽ എന്നിവ പൗര കേന്ദ്രീകൃതമായ സേവനം ഉറപ്പാക്കുന്നു. 'എൻ്റെ ഭൂമി' പോർട്ടൽ വഴി എല്ലാ ഭൂരേഖാ സേവനങ്ങളും പൗരൻ്റെ വിരൽത്തുമ്പിൽ എത്തിക്കുകയും, ഭാവിയിൽ ബ്ലോക്ക്ചെയിൻ, എ.ഐ. ചാറ്റ്‌ബോട്ട് എന്നിവ യോജിപ്പിക്കുകയും ചെയ്യുന്നതിലൂടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നും സെമിനാറിൽ അദ്ദേഹം പങ്കുവെച്ചു.

 

'എൻ്റെ ഭൂമി' പോലുള്ള ഡിജിറ്റൽ പദ്ധതികൾക്ക് പിൻബലമേകുന്ന ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ പ്രാധാന്യത്തെക്കുറിച്ച് "വിശ്വസനീയവും പൗര കേന്ദ്രീകൃതവുമായ ഭൂരേഖ സേവനങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കൽ" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഡോ. അരുൺ സുരേന്ദ്രൻ പറഞ്ഞു. ഭൂമിയുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, ഇടപാടുകൾ താമസമില്ലാതെ പൂർത്തിയാക്കുക, കൃത്യമായ വിവരങ്ങൾ ഉറപ്പാക്കുക എന്നിവ മികച്ച രീതിയിൽ നിർവഹിക്കണം. എന്നാൽ, ആപ്പുകൾ / പോർട്ടൽ പുറത്തിറക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും, അവയുടെ പരിപാലനം, പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി, വേഗത, വിശ്വാസ്യത, സുരക്ഷാ ഓഡിറ്റുകൾ എന്നിവയിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

 

യുവതലമുറയ്ക്ക് ഭൂമിയെക്കുറിച്ച് അവബോധം നൽകാൻ സ്കൂളുകളിലും കോളേജുകളിലും എൻ്റെ ഭൂമി പദ്ധതി പരിചയപ്പെടുത്തണമെന്നും, വിദേശത്തുള്ളവർക്ക് വിവരങ്ങൾ ലഭിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും, ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നുണ്ടെന്ന് തോന്നുന്ന തരത്തിൽ ഫീഡ്ബാക്ക് സംവിധാനം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം സെമിനാറിൽ അഭിപ്രായപ്പെട്ടു.

 

ഡിജിറ്റലൈസേഷൻ പ്രക്രിയയിൽ സുരക്ഷിതത്വത്തിനും വിശ്വാസ്യതയ്ക്കും ആണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന പ്രധാന കാഴ്ചപ്പാടാണ് ഡോ. അഷറഫ് പങ്കുവെച്ചത്. "ബ്ലോക്ക് ചെയിൻ, ടോക്കണൈസേഷൻ സാങ്കേതികവിദ്യകളിലൂടെയുള്ള ഭൂമി ഉടമസ്ഥാവകാശ രേഖകളുടെ പരിരക്ഷയും നവീകരണവും" - എന്ന വിഷയം സംബന്ധിച്ചാണ് അദ്ദേഹം സെമിനാറിൽ സംസാരിച്ചത്. 

 

ഈ ലക്ഷ്യത്തിലേക്ക് എത്താനുള്ള യാത്രക്ക് ബ്ലോക്ക്‌ചെയിൻ, ടോക്കണൈസേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു. ബാങ്ക് അക്കൗണ്ടുകളിലെയും ഭൂമി രേഖകളിലെയും നിലവിലെ കേന്ദ്രീകൃത ലെഡ്ജർ സംവിധാനങ്ങൾ തിരുത്തലുകൾക്ക് സാധ്യത നൽകുന്നതിനാൽ, ഈ വെല്ലുവിളി മറികടക്കാൻ വികേന്ദ്രീകൃത സംവിധാനത്തിന് പ്രാധാന്യം നൽകണം. ബ്ലോക്ക്‌ചെയിൻ കൂടാതെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ ഡാറ്റാ ക്വാളിറ്റി മെച്ചപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

date