സർക്കാർ ലക്ഷ്യം നാടിന്റെ വികസനം : ഡെപ്യൂട്ടി സ്പീക്കർ
കടമ്പനാട് ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി
നാടിന്റെ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കടമ്പനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനവും അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദേഹം. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നിരവധി വികസന പ്രവർത്തനം നടത്തി. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകി. നവംബർ ഒന്നിന് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാകും. എല്ലാവർക്കും വീട് എല്ലാവർക്കും ഭൂമി എന്നതാണ് ലക്ഷ്യം. നാലുലക്ഷം പേർക്ക് പട്ടയം നൽകി.
പട്ടിക വിഭാഗത്തിനായി ഒരു കോടി രൂപ ചെലവിൽ അംബേദ്കർ ഗ്രാമം പദ്ധതി നടപ്പാക്കി. കിഫ്ബി ഫണ്ട് വിനിയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ സ്കൂൾ, അത്യാധുനിക ആശുപത്രി, ഉന്നത നിലവാരമുള്ള റോഡ് എന്നിവ സാധ്യമാക്കി. ആനയടി - കൂടൽ റോഡ് രണ്ടാംഘട്ടം നിർമാണത്തിന് 110 കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണ പ്രവൃത്തി പുരോഗതിയിലാണെന്നും അദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസനം വിലയിരുത്താനും തുടർ പ്രവർത്തനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമാണ് വികസനസദസ്. കടമ്പനാട് കുഴിയക്കാല മൂന്നാം മാര്‍ത്തോമ്മ മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി.
സർക്കാരിന്റെ പ്രവർത്തന പുരോഗതി റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ കെ രാധകൃഷ്ണപിള്ളയും ഗ്രാമപഞ്ചായത്തിന്റേത് സെക്രട്ടറി ജി അനില്‍കുമാറും അവതരിപ്പിച്ചു.
ഡിജി കേരളത്തിലൂടെ കണ്ടെത്തിയ 1228 പഠിതാക്കൾക്ക് പരിശീലനം നൽകി 100 ശതമാനം ഡിജിറ്റൽ സാക്ഷരത കൈവരിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 263 കുടുംബങ്ങൾക്ക് വീട് നൽകി. 64 ഭവനങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. അതിദാരിദ്ര്യത്തിൽ നിന്നും 30 പേരെ മുക്തരാക്കി. ജൈവമാലിന്യ സംസ്കരണത്തിന് ബയോ ബിൻ, ജി ബിൻ എന്നിവ വിതരണം ചെയ്തു. പാലിയേറ്റീവ് കെയറിലൂടെ 156 രോഗികൾക്ക് സേവനം നൽകി. പശ്ചാത്തല സൗകര്യ വികസനത്തിന് അഞ്ച് വർഷത്തിനിടെ 9.5 കോടി രൂപ ചെലവഴിച്ചു. കാർഷികവിളകൾക്ക് സംരക്ഷണവേലി കെട്ടുന്നതിന് 1.12 കോടി രൂപ വിനിയോഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടത്തിന്റെ വീഡിയോ പ്രദർശിപ്പിച്ചു. പഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ പ്രദർശനവും കെ സ്മാർട്ട് ക്ലിനിക്കും തൊഴിൽമേളയും സംഘടിപ്പിച്ചു. മികച്ച സംരഭകർ, ക്ഷീര കർഷകർ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി, ഹരിതകർമ സേന അംഗങ്ങൾ എന്നിവരെ ആദരിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, അംഗം എസ് ഷിബു, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ദിലീപ്, അംഗങ്ങളായ പ്രസന്നകുമാരി, എസ് സിന്ധു, ഷീജ ഷാനവാസ്, ചിത്ര രഞ്ജിത്ത്, ഫാ.റിഞ്ചു പി കോശി, ത്രിതല പഞ്ചായത്ത്, ഹരിത കർമ സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments