അഞ്ചു വർഷത്തെ വികസന നേട്ടവുമായി മുവാറ്റുപുഴ
* വികസന സദസ്സ് സംഘടിപ്പിച്ചു
കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മൂവാറ്റുപുഴ നഗരസഭയിൽ വികസന സദസ്സ് നടന്നു. മൂവാറ്റുപുഴ നഗരസഭാ അങ്കണത്തിൽ നടന്ന സദസ്സ് മുൻ നഗരസഭ ചെയർപേഴ്സൺ യു ആർ ബാബു ഉദ്ഘാടനം ചെയ്തു
കില ഫാക്കൽറ്റി എ. റ്റി രാജീവ് കഴിഞ്ഞ അഞ്ചുവർഷത്തെ സംസ്ഥാനത്തെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. മൂവാറ്റുപുഴ മുൻസിപ്പൽ സെക്രട്ടറി എച്ച്. സിമി തദ്ദേശ തല വികസന റിപ്പോർട്ട് അവതരിപ്പിച്ചു
അതിദാരിദ്ര്യ നിർമാർജ്ജനം, ലൈഫ് ഭവന പദ്ധതി, മാലിന്യ നിർമാർജ്ജനം, പാലിയേറ്റീവ് കെയർ തുടങ്ങി നിരവധി മേഖലകളിലാണ് മൂവാറ്റുപുഴ നഗരസഭ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചത്.
27 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കി നഗരസഭയെ അതി ദരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. 2024 മുതൽ 2026 വരെയുള്ള കാലയളവിൽ 47 വീടുകളാണ് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. നഗരസഭയുടെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെയും നേതൃത്വത്തിൽ വീടുകളിൽ എത്തി പാലിയേറ്റീവ് സേവനങ്ങൾ നൽകിവരുന്നു. പ്രൈമറി യൂണിറ്റിൽ 115 രോഗികളെയും സെക്കൻഡറി യൂണിറ്റിൽ 102 രോഗികളെയും ആണ് പരിചരിച്ചു വരുന്നത്. അലോപ്പതി, ആയുർവേദം, ഹോമിയോ ഡോക്ടർമാരുടെ സേവനം യൂണിറ്റിലൂടെ ലഭ്യമാക്കുന്നു.
ഓപ്പൺ ജിം , ജനറൽ ആശുപത്രിയിൽ 360° മെറ്റാബോളിക് സെൻറർ, അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ, 30 ലക്ഷം രൂപ മുതൽമുടക്കിൽ പൂർത്തീകരിച്ച ബഡ്സ് സ്കൂൾ, 41,84,500 രൂപ മുടക്കി150ലധികം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന എ കെ ജി നഗർ കുടിവെള്ള വിതരണ പദ്ധതി, 34,07,837 രൂപ വിനിയോഗിച്ച് നവീകരിച്ച ആമ്പറ്റക്കുളം തുടങ്ങിയ നേട്ടങ്ങളും മൂവാറ്റുപുഴ നഗരസഭയ്ക്ക് സ്വന്തം.
വികസന സദസിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മീരാ കൃഷ്ണൻ അധ്യക്ഷയായി. നഗരസഭാ അംഗങ്ങളായ ആർ . രാകേഷ്, കെ ജി അനിൽകുമാർ, നിസ അഷ്റഫ്, ജാഫർ സാദിഖ്, നജില ഷാജി, മുൻ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments