താന്തോന്നിത്തുരുത്തിലെ ഔട്ടർബണ്ട് നിർമ്മാണം ഒക്ടോബർ 28 ന് തുടങ്ങും
*ജില്ലാ വികസന സമിതി യോഗം ചേർന്നു
താന്തോന്നിത്തുരുത്തിലെ ഔട്ടർബണ്ട് നിർമ്മാണം ഒക്ടോബർ 28 ന് ആരംഭിക്കും. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.
താന്തോന്നിത്തുരുത്ത് ബോട്ടുജെട്ടിയുടേയും ഔട്ടർ ബണ്ടിൻ്റേയും നിർമ്മാണത്തിൻ്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, 2026 മെയ് മാസത്തിനകം നിർമ്മാണം പൂർത്തിയാകുമെന്നും യോഗത്തിൽ അറിയിച്ചു.
കണയന്നൂർ താലൂക്കിലെ ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത് എന്നീ വില്ലേജുകളിലെ 143 ബി ക്ലാസ് ഭൂമികളുടെ സർവേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ടി. ജെ വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കുന്നതിനും സർവേ നടപടികളുടെ രൂപരേഖ തയ്യാറാക്കി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശം നൽകി.
എറണാകുളം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഫൗണ്ടേഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും ആറുമാസത്തിനകം കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകും എന്നും എം.എൽ.എ യുടെ ചോദ്യത്തിന് മറുപടിയായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്ലാന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്, മുന്‍ ജില്ലാ വികസന സമിതി യോഗ തീരുമാന പ്രകാരം വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍, കോട്പ ആക്ടിൻ്റെ ഭാഗമായ നടപടികൾ എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ജി ഉല്ലാസ് പങ്കെടുത്തു.
- Log in to post comments