ആവോലി ഗ്രാമപഞ്ചായത്തിൽ വനിതാ ശിശുക്ഷേമ കേന്ദ്രവും ഷീ ജിമ്മും പ്രവർത്തനമാരംഭിച്ചു
ആവോലി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വനിതാ ശിശുക്ഷേമ കേന്ദ്രവും, ഷീ ജിമ്മും ഉദ്ഘാടനം ചെയ്തു. വനിതാ-ശിശുക്ഷേമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പിയും, ഷീ ജിമ്മിന്റെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എയും നിർവഹിച്ചു.
ആവോലി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുറകുവശത്താണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് തനതു ഫണ്ടും, എറണാകുളം ജില്ലാ പഞ്ചായത്ത് അനുവദിച്ച തുകയും ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. 2000 ചതുരശ്രയടി വിസ്തീർണ്ണം ഉള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ശിശു സൗഹൃദ കേന്ദ്രം, വാക്സിനേഷൻ എടുക്കുന്നതിനുള്ള സൗകര്യം, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരുടെ ഓഫീസ് എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. മുകളിലത്തെ നിലയിലാണ് ഷീ ജിം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ് അധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി. എസ് ഷെഫാൻ , ജില്ലാ പഞ്ചായത്തംഗം ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിൽ സാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു ജോസ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അൻസമ്മ വിൻസന്റ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments