Skip to main content

അതിദാരിദ്ര്യ മുക്ത കേരളത്തിലേക്ക് എറണാകുളത്തിന്റ അഭിമാനകരമായ സംഭാവന

 

 

* 5252 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കി

 

അതിദരിദ്രർ ഇല്ലാത്ത നാടെന്ന അപൂർവവും അഭിമാനകരവുമായ നേട്ടം കൈവരിക്കുകയാണ് കേരളം. ഈ വരുന്ന കേരളപ്പിറവി ദിനത്തിൽ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറുമ്പോൾ എറണാകുളം ജില്ലയ്ക്കും അഭിമാനിക്കാൻ ഏറെയുണ്ട്. അരികുവൽക്കരിക്കപ്പെട്ടുപോയ ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സർക്കാരും സംവിധാനങ്ങളും മുന്നിട്ടിറങ്ങിയപ്പോൾ സമയബന്ധിതമായി തന്നെ ആ വലിയ ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞു.

 

*5252 കുടുംബങ്ങളെ കൈപിടിച്ചുയർത്തി*

 

പ്രാരംഭ സർവെയിൽ 5650 അതിദരിദ്ര കുടുംബങ്ങളെയാണ് ജില്ലയിൽ കണ്ടെത്തിയത്. എന്നാൽ മരണപ്പെട്ടവർ, കുടിയേറിയവർ, ഇരട്ടിപ്പ് വന്നവർ തുടങ്ങിയവരെ ഒഴിവാക്കിയ ശേഷം 5252 കുടുംബങ്ങളാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. ഇവരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന മഹത്തായ ദൗത്യമാണ് ജില്ലയിൽ വിജയകരമായി പൂർത്തിയായത്.

 

ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ നാല് പ്രധാന ക്ലേശ ഘടകങ്ങൾ ( അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ) തിരിച്ചറിഞ്ഞ്, ഓരോ കുടുംബത്തിനും ആവശ്യമായ സേവനങ്ങൾ ഉൾപ്പെടുത്തി 'മൈക്രോപ്ലാൻ' തയ്യാറാക്കിയാണ് അധികൃതർ മുന്നോട്ട് പോയത്.

 

*വിശപ്പകറ്റാൻ പ്രത്യേക ഇടപെടൽ*

 

ഏറ്റവും പ്രധാനപ്പെട്ട ക്ലേശ ഘടകമായിരുന്ന 'ഭക്ഷണം' ആവശ്യമുള്ള 1926 കുടുംബങ്ങൾക്കും അവരവരുടെ സാഹചര്യങ്ങൾ അനുസരിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി വിശപ്പിൽ നിന്ന് മുക്തരാക്കുകയായിരുന്നു.

ഭക്ഷ്യകിറ്റ് വിതരണം, ആഹാരം പാകം ചെയ്യാൻ സാധിക്കാത്തവർക്ക് പാകം ചെയ്ത ഭക്ഷണം നൽകൽ എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ മുടക്കമില്ലാതെ തുടർന്നു വരുന്നു. 

 

*കരുതലായി ആരോഗ്യ സംരക്ഷണം*

 

ആരോഗ്യം ക്ലേശ ഘടകമായി വന്നിരുന്ന 2463 കുടുംബങ്ങൾക്കും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കി. മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിവ ഉറപ്പുവരുത്തി. പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള 267 കുടുംബങ്ങൾക്കും, ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമുള്ള 30 കുടുംബങ്ങൾക്കും സഹായമെത്തിച്ചു. അടിയന്തിര ചികിത്സാ സഹായം ആവശ്യമുള്ളവർക്ക് മെഡിക്കൽ ബോർഡിന്റെ ശിപാർശയോടെ ധനസഹായവും ലഭ്യമാക്കി.

 

*വരുമാനത്തിന് വഴി തുറന്നു*

 

വരുമാനം ക്ലേശ ഘടകമായിരുന്ന 218 കുടുംബങ്ങൾക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വകുപ്പുകൾ എന്നിവ വഴി വരുമാന മാർഗ്ഗങ്ങൾ ഉറപ്പാക്കി. തൊഴിലെടുക്കാൻ സന്നദ്ധരായവർക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡും ലഭ്യമാക്കി.

 

 *സ്വപ്നസാഫല്യമായി വീടുകൾ*

 

പാർപ്പിടം ആവശ്യമുള്ളവരിൽ ഭൂരഹിത ഭവനരഹിതർ, ഭവനരഹിതർ, ഭവന പുനരുദ്ധാരണം ആവശ്യമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലം ഒരുക്കി നൽകാനും കഴിഞ്ഞു.

 

വീട് മാത്രം ആവശ്യമുള്ള 259 കുടുംബങ്ങൾക്കും അത് ലഭ്യമാക്കി. വസ്തുവും വീടും ആവശ്യമുള്ള 181 കുടുംബങ്ങളിൽ 34 കുടുംബങ്ങൾക്ക് റവന്യൂ പുറമ്പോക്ക് ഭൂമി പട്ടയം നൽകി. ബാക്കിയുള്ളവർക്ക് കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മുഖാന്തരവും തദ്ദേശ സ്ഥാപനങ്ങൾ വഴിയും സ്വന്തമായും ഭൂമി കണ്ടെത്തി. അതിൽ 146 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ശേഷിക്കുന്ന 35 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. വീട് നിർമ്മാണം പൂർത്തിയാകാത്ത കുടുംബങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വാടക നൽകി സുരക്ഷിത താമസം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഭവന പുനരുദ്ധാരണം ആവശ്യമായി വന്ന 358 കുടുംബങ്ങൾക്കും ആവശ്യമായ അറ്റകുറ്റപ്പണികൾ തീർത്ത് വീടുകൾ വാസയോഗ്യമാക്കി.

 

*രേഖകൾ അർഹരിലേക്ക്*

 

ആധാർ, റേഷൻ കാർഡ് തുടങ്ങിയ വിവിധ അവകാശ രേഖകൾ ഇല്ലാതിരുന്ന, അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും അവ ലഭ്യമാക്കി. കൂടാതെ കുട്ടികൾക്ക് പഠനോപകരണ വിതരണം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ബസ്സുകളിൽ സൗജന്യ യാത്രാ പാസ്സ് എന്നിവയും നൽകി. 

 

ഈ പ്രവർത്തനങ്ങളിലെല്ലാം വിവിധ വകുപ്പുകളുമായുള്ള പരസ്പര സഹകരണം നിർണായകമായിരുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൃത്യമായ ഏകോപനത്തിന്റെയും സമയബന്ധിതമായ പ്രവർത്തനങ്ങളുടെയും ആകെ തുകയാണ് ഈ നേട്ടം.

date