മൂവാറ്റുപുഴയിലെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം: സാനിറ്ററി മാലിന്യ ശേഖരണ പദ്ധതിക്ക് തുടക്കമായി
പുഴകളിലും വഴിയോരങ്ങളിലും ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ നഗരസഭയിൽ സാനിറ്ററി മാലിന്യ ശേഖരണ പദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയർപേഴ്സൺ പി പി എൽദോസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
'ആക്രി'എന്ന ഏജൻസിയുടെ സഹകരണത്തോടെയാണ് മൂവാറ്റുപുഴ നഗരസഭയിൽ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി സാനിറ്ററി നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, കാലഹരണപ്പെട്ട മരുന്നുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കും.
മാലിന്യം വീടുകളിൽ നിന്നും ശേഖരിക്കുന്നതിനായി മുൻകൂട്ടി ആക്രി ആപ്പിൽ ബുക്ക് ചെയ്യാം. നിലവിൽ ഒരു കിലോ മാലിന്യത്തിന് 45 രൂപയാണ് യൂസർഫീയായി ഈടാക്കുന്നത്. അനുമതി ലഭിക്കുന്നതോടെ വീടുകളിൽ നിന്നും ബയോമെഡിക്കൽ വേസ്റ്റുകൾ സബ്സിഡി നിരക്കിൽ ശേഖരിക്കുന്ന സംവിധാനവും കൊണ്ടുവരും.
ഉദ്ഘാടന ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഖാദർ അജിമോൻ അധ്യക്ഷനായി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മീരാ കൃഷ്ണൻ, നഗരസഭാംഗങ്ങളായ ആർ രാകേഷ്, കെ ജി അനിൽകുമാർ, പി എം സലിം, നഗരസഭാ സെക്രട്ടറി എച്ച്. സിമി, ക്ലീൻ സിറ്റി മാനേജർ എച്ച്. നൗഷാദ് എന്നിവർ പങ്കെടുത്തു.
- Log in to post comments