ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാരിന് കഴിഞ്ഞു - മന്ത്രി പി രാജീവ്
*അതിദാരിദ്ര്യ മുക്തമായി എറണാകുളം ജില്ല
വിവിധ കർമ്മ പദ്ധതികളിലൂടെ
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാരിന് കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭ ചേർന്നപ്പോൾ എടുത്ത പ്രാധന തീരുമാനങ്ങളിൽ ഒന്നായിരുന്നു കേരളത്തെ അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി മാറ്റുക എന്നത്. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയാണ്.
തങ്ങളുടേതല്ലാത്ത കാരണത്താൽ പാവപ്പെട്ടവർക്ക് കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഏക കിടപ്പാട സംരക്ഷണ നിയമവും ഇതിനകം പാസാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ക്ഷേമപെൻഷൻ വർദ്ധനവ് , വേതനവർദ്ധനവ്, സ്ത്രീകൾക്കുള്ള പ്രത്യേക സഹായം ഉൾപ്പെടെയുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ സർക്കാർ നടത്തി. ഈ പ്രഖ്യാപനങ്ങൾ നവംബർ മാസത്തിൽ തന്നെ പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി.
തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്.ശ്യാമലക്ഷ്മി റിപ്പോർട്ട് അവതരപ്പിച്ചു. ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ജില്ലാ പ്രോജക്ട് ഡയറക്ടർ പി.എച്ച് ഷൈൻ, ഏലൂർ നഗരസഭ അധ്യക്ഷൻ എ.ഡി സുജിൽ,
കൗൺസിലർ അംബിക ചന്ദ്രൻ,
ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വിധു.എ മേനോൻ, ലൈഫ് മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.കെ സുബ്രമണ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.എം റജീന, നഗരസഭ സെക്രട്ടറി സുജിത്ത് കരുൺ, മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
*അതിദാരിദ്ര്യമുക്തമായി എറണാകുളം ജില്ല*
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ സർവെ പ്രകാരം എറണാകുളം ജില്ലയിൽ ഗുണഭോക്തൃ പട്ടികയിൽ 5650 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും അനർഹരെ ഒഴിവാക്കിയ ശേഷം അന്തിമ പട്ടികയിൽ 5252 കുടുംബങ്ങളാണ് അവശേഷിച്ചിരുന്നത്. കൊച്ചി കോർപ്പറേഷനിലെ 435 കുടുംബങ്ങളും, മറ്റ് 13 നഗരസഭകളിലായി 766 കുടുംബങ്ങളും, 82 ഗ്രാമപഞ്ചായത്തുകളിലായി 4051കുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് ബന്ധപ്പെട്ട വകുപ്പുകൾ മുന്നോട്ടുപോയത്. പ്രധാനമായും ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ നാല് ക്ലേശ ഘടകങ്ങളെ (അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ) അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം.
*വിശപ്പകറ്റി
ജില്ലയിൽ ഭക്ഷണം ക്ലേശഘടകമായിരുന്ന 1926 കുടുംബങ്ങൾക്കും പൂർണ്ണമായും സേവനം നൽകി വിശപ്പകറ്റാൻ കഴിഞ്ഞു. ഭക്ഷണം ആവശ്യമുള്ള കുടുംബങ്ങൾക്ക് ഓരോ ഗുണഭോക്താവിൻ്റെയും ആവശ്യകതയ്ക്കനുസൃതമായി ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുബങ്ങൾക്ക് പാകം ചെയ്ത ഭക്ഷണം നൽകൽ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങൾ വഴിയും കുടുംബശ്രീ മുഖേനയും ലഭ്യമാക്കി വരുന്നുണ്ട്.
* ആരോഗ്യത്തിന് കരുതൽ
ആരോഗ്യം ക്ലേശഘടകമായി വന്നിട്ടുള്ള എല്ലാ കുടുബങ്ങൾക്കും ആവശ്യകതയ്ക്കനുസരിച്ച് മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നീ സേവനങ്ങൾ ലഭ്യമാക്കി. മരുന്നുകൾ ആവശ്യമുള്ള 2463 കുടുംബങ്ങൾക്ക് മരുന്നുകൾ നൽകിവരുന്നു. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായ 267 കുടുംബങ്ങൾക്ക് ആ സേവനവും ലഭ്യമാക്കുന്നുണ്ട്. ആരോഗ്യസുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന 30 കുടുംബങ്ങൾക്കും സഹായ ഉപകരണങ്ങൾ നൽകി. അടിയന്തിര ചികിത്സാ സഹായം ആവശ്യമുള്ളവർക്ക് മെഡിക്കൽ ബോർഡിൻ്റെ ശുപാർശയോടെ ചികിത്സാ ധനസഹായം ലഭ്യമാക്കുകയും ചെയ്തു.
* വരുമാനം ഉറപ്പാക്കി
വരുമാനം ക്ലേശഘടകമായി വന്നിട്ടുള്ള 218 കുടുംബങ്ങൾക്ക് കുടുംബശ്രീ ഉജ്ജീവനം പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വകുപ്പുകൾ എന്നിവ വഴി സ്ഥായിയായ വരുമാന മാർഗ്ഗങ്ങൾ ലഭ്യമാക്കി.
* വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി
പാർപ്പിടം ക്ലേശ ഘടകം ആയി വന്നവരിൽ ഭൂരഹിത-ഭവനരഹിതർ, ഭവനരഹിതർ, പുനരുദ്ധാരണം ആവശ്യമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഭവനരഹിതരായ 259 കുടുംബങ്ങൾക്ക് സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി. ഭൂമിയും ഭവനവും ആവശ്യമായിരുന്ന 181 കുടുംബങ്ങളിൽ 34 കുടുംബങ്ങൾക്ക് റവന്യൂ പുറമ്പോക്ക് ഭൂമിയുടെ പട്ടയം നൽകി. ബാക്കി കുടുംബങ്ങൾക്ക് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മുഖാന്തിരവും തദ്ദേശസ്ഥാപനങ്ങൾ വഴിയും സ്വന്തമായി ഭൂമി കണ്ടെത്തി നൽകിയിട്ടുണ്ട്. ഇതിൽ നിന്നും 146 കുടുംബങ്ങൾക്ക് വീട് നിർമ്മാണം പൂർത്തിയാക്കി. ബാക്കി 35 കുടുംബങ്ങളുടെ വീട് നിർമ്മാണം പുരോഗമിക്കുകയാണ്. ഭവന നിർമ്മാണം പൂർത്തിയാകാത്ത കുടുംബങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുഖേന വാടക ലഭ്യമാക്കി സുരക്ഷിത വാസസ്ഥലങ്ങളും ഉറപ്പാക്കി. ഭവന പുനരുദ്ധാരണം ആവശ്യമായി വന്ന 358 കുടുംബങ്ങൾക്കും വേണ്ട പ്രവർത്തികൾ നടത്തി വീട് വാസയോഗ്യമാക്കുകയും ചെയ്തു.
* രേഖകൾ അർഹരിലേക്ക്
ആധാർ കാർഡ്, തൊഴിൽ കാർഡ്, വോട്ടർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷി കാർഡ്, ഗ്യാസ് കണക്ഷൻ, പ്രോപ്പർട്ടി സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട്, കുടുംബശ്രീ അംഗത്വം, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിങ്ങനെ വിവിധതരത്തിലുള്ള അവകാശരേഖകൾ ആവശ്യമായ 1640 കുടുംബങ്ങൾക്ക് അത് ലഭ്യമാക്കി.
കൂടാതെ അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ബസ്സുകളിൽ സൗജന്യ യാത്ര പാസ്സ് എന്നിവ വിതരണം ചെയ്തു.
- Log in to post comments